വിവാഹനിശ്ചയവും വിവാഹവും തമ്മിലുള്ള അകലം കുറഞ്ഞുവരുന്ന ഒരു കാലമായിപ്പോയല്ലോ ഇത്. ഇരുപത്തിനാലാം തിയതി വിളിച്ചിട്ട് ഇരുപത്തിയേഴാം തീയതി കല്യാണമാണെന്ന് ഒരു (പെണ്)സുഹൃത്ത് പറഞ്ഞപ്പോള്‍ അതുകൊണ്ടുതന്നെ അതിശയം തോന്നിയില്ല. ഗുരുവായൂരാണ് കല്യാണം എന്ന് പറഞ്ഞപ്പോള്‍ വര്‍ഷാന്ത്യത്തില്‍ ഒന്നിനും താഴെ നില്ക്കുന്ന അവധിപുസ്തകം മനസ്സിലേക്ക് വന്നു. വീണ്ടും ശമ്പളരഹിത അവധിയുടെ അക്കൗണ്ടിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് അപ്പോളാണ് മനസ്സിലായത്...
ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നാണല്ലോ.. ;) അത് കൊണ്ട് തന്നെ ഗുരുവായൂരിലെ കല്യാണത്തിനു ശേഷം അന്ന് പിന്നെ എങ്ങോട്ട് എന്ന ചോദ്യം ഉയര്‍ന്നു വരാന്‍ മണിക്കൂറൊന്നെടുത്തില്ല. ചാവക്കാട് മുതല്‍ ഊട്ടി വരെയുള്ള എല്ലാ സാദ്ധ്യതകളും അളന്നുകൊണ്ടിരിക്കവെയാണ്, യദു എന്ന ചുള്ളന് Xbhpയുടെ വാഗമണ്ണിലെ കൂട്ടുകൂടലില്‍ വെച്ച് തന്റെ ഒരു പഴയ മൂന്നാര്‍-വാല്‍പ്പാറ-അതിരപ്പള്ളി യാത്രയുടെ വര്‍ണ്ണന ഓര്‍മ്മയിലേക്ക് വന്നത്. ഒപ്പം പഴയ ചില ഓര്‍മ്മകളും. ഈ പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകത്തിന്റെ പാതിക്ക് ശേഷമെപ്പോഴോ ആയിരുന്നു ബജാജ് പള്‍സറില്‍ ഒരു സുപ്രഭാതത്തില്‍ മൂന്നാറില്‍ നിന്നാരംഭിച്ച് വാല്പ്പാ റ, ആതിരപ്പള്ളി വഴി കാലടിയില്‍ എത്തിയ ഒരു യാത്ര... ഏതൊരു യാത്രികനെയും മോഹിപ്പിക്കുന്ന മോഹിനിയായി ഇണ ചേര്‍ന്ന് കിടക്കുന്ന, ആളിയാര്‍ മുതല്‍ വാല്പാറ വഴെയുള്ള മഞ്ഞു വീഴുന്ന പാത... ഏതൊരു തിരിവിലും ഒറ്റയാനെ പ്രതീക്ഷിക്കാവുന്ന പടര്‍ന്നു കിടക്കുന്ന വനം.... നൊടിയിടയില്‍ പ്ലാനിന്റെ പാതിയും തയ്യാറായി എന്ന് പറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ടതില്ല.... പക്ഷേ ബാലികേറാമല ബാക്കി പാതിയായിരുന്നു. പോക്കറ്റിലെ പഴ്സിലേക്ക് ചൂണ്ടുവിരലിന്റെ അങ്ങേയറ്റം വരെ എത്തിച്ചുനോക്കിയപ്പോളാണ് സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം മനസ്സിലായത്.... ഗ്രിപ്പുള്ള പുതിയ മുന്‍ ടയറിനോട് പിണങ്ങി നീങ്ങുന്ന പിഞ്ചുകുഞ്ഞിന്റെ മോണപോലുള്ള പിന്ടയറാണ് ഒന്നാമത്തെ വില്ലനായി തലപൊക്കിയത്... അതും കഴിഞ്ഞിട്ടു വേണം ഇന്ധനം.... “അല്ലാഹു വലിയ വാഹനങ്ങളിലും ചിലപ്പോള്‍ സഞ്ചരിക്കും” എന്ന് ബെന്യാമീന് പറയുന്നതു പോലെ വ്യാസ് സുകുമാരന്‍ എന്ന സുഹൃത്ത് കനിഞ്ഞു. മുന്നിലെയും പിന്നിലെയും പുതിയ ടയറുകളുടെ ബലത്തിലും വഴി തെറ്റി പോക്കറ്റിലേക്ക് കയറി വന്ന വേറേ ചില ഗാന്ധികളും നല്കിയ ആത്മവിശ്വാസമാണ് ഇരുപത്തിയേഴാം തിയതി രാവിലെ നാലേകാല്‍ മണിക്ക് ചിലക്കുന്ന അലാറത്തിലേക്ക് സംഗതികള്‍ എത്തിയത്. നാലേകാലിന്റെ അലാറം നല്കിയ സന്ദേശം കാലുകളെ ചലിപ്പിച്ചത് പക്ഷേ അഞ്ചേകാലിനാണ്.... തണുപ്പുള്ള പ്രഭാതത്തില്‍ 198 കിലോമീറ്ററകലത്തേക്കുള്ള യാത്രയുടെ തുടക്കം. പതിനൊന്ന് മണിക്കുള്ള മുഹൂര്ത്തംക കണക്കാക്കിയുള്ള യാത്ര.... ഈരാറ്റുപേട്ടയും കടന്ന് തൊടുപുഴയിലെത്തുമ്പോള്‍ സമയം ഏഴര... വിസ്താരമുള്ള ഗട്ടറുകളില്ലാത്ത പാത, സ്വാഭാവികമായും ആക്സിലേറ്റര്‍. കേബിളിലെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്ക തന്നെ ചെയ്തു..... ഫലം... പറഞ്ഞേറ്റതിനും ഒന്നേ കാല് മണിക്കൂര്‍ മുന്‍പ് ഗുരുവായൂരില്‍.....
[caption id="attachment_191" align="aligncenter" width="692" caption="ഗുരുവായൂര്‍ കേശവന്റെ പ്രതിമ"]പതിനൊന്നേമുക്കാലിന് പാല്പായസം കുടിച്ച നാലാമത്തെ ഗ്ലാസ്സിന് പിന്നാലെ വെള്ളം ഒഴിഞ്ഞ അഞ്ചാമത്തെ ഗ്ലാസ്സ് താഴെ വെക്കുമ്പോഴേക്കും തലച്ചോറില്‍ നിന്നും പായ്ക്ക് അപ്പ് കമാന്റ് പുറപ്പെട്ടു കഴിഞ്ഞിരുന്നു.......യാത്ര, അഭിവാദ്യങ്ങള്‍ എന്നിവക്ക് പതിനഞ്ച് മിനുട്ട്.... പന്ത്രണ്ട് മണിക്ക് വീണ്ടും റോഡിന്റെ സുഖത്തിലേക്ക്........................
തൃശ്ശൂര്‍ നഗരം പിന്നിടുമ്പോള്‍ ഹെല്‍മെറ്റ് വൈസറില്‍ വീണ മഴത്തുള്ളികളാണ് വരാനിരിക്കുന്ന പെരുമഴയെക്കുറിച്ചറിയിച്ചത്.നാഷണല്‍ ഹൈവേയിലെത്തുമ്പോഴേക്കും മഴ അതിന്റെ സംഹാരതാണ്ഡവം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഒന്നരമണിക്കൂര്‍ ഹൈവേക്കരികിലെ കടത്തിണയില്‍.... കെട്ടിപ്പൊതിഞ്ഞ ബാഗിലെ ലാപ്ടോപ്പും ക്യാമറയും നല്കിയ ഭയത്തിന്റെ മുകളിലിരുന്ന ഒന്നരമണിക്കൂര്‍..... മഴ വഴിമാറിത്തന്നിട്ട് തുടരാന്‍ കഴിയില്ല എന്ന വ്യക്തമായപ്പോള്‍ മഴയെ അവഗണിച്ച് പ്ലാസ്റ്റിക് കവറുകള്‍ നല്കിയ ആത്മവിശ്വാസത്തില്‍ യാത്ര തുടര്‍ന്നു....
അഞ്ചുമണിക്കാണ് അതിരപ്പള്ളിയിലെത്തുന്നത്.... നേരേ ഒരു മുറിയാണന്വേഷിച്ചത്... കാരണം ലളിതം. നനയാത്തതായി ശരീരത്തില്‍ ഒരിഞ്ചു പോലും ബാക്കിയില്ല.... കാലിനും ഷൂവിനുമിടയില് ഒരു സാഗരം തന്നെ അവശേഷിക്കുന്നു എന്ന ഓര്‍മ്മ പ്പെടുത്തലും....Motorcycle Diaries ഒരിക്കല്‍ കൂടി ലാപ്ടോപ്പിന്റെ സ്ക്രീനില്‍... കഴിഞ്ഞു പോയ മണിക്കൂറിലെ പേമാരിയെ നിസ്സാരവല്ക്കനരിക്കുന്ന യാത്രാനുഭവം കണ്ടു തീരുമ്പോഴേക്കും രാവിലെ യാത്ര തുടരാന്‍ തയ്യാറായ മനസ്സുമായി ഉറക്കത്തിന്റെ കയത്തിലേക്ക്.....
ഏഴുമണിക്കേ ഉറക്കം തെളിഞ്ഞുള്ളൂ.... ജനലിനിടയിലൂടെ പുറത്തേക്ക് ഒരു നോട്ടമെറിഞ്ഞു...... നേരം വെളുക്കാത്തതാണോ സൂര്യനെ കാര്‍മേഘങ്ങള്‍ ഘെരാവോ ചെയ്തതാണോ എന്നൊന്നും പിടികിട്ടുന്നില്ല....എന്തായാലും ഒരു തരി സൂര്യതാപം പോലും ഭൂമിയിലെത്തുന്നില്ലെന്നുറപ്പ്.. എന്തായാലും യാത്ര തുടരാനുള്ള തയ്യാറെടുപ്പുകളിലേക്ക്....ബാഗുകള്‍ വീണ്ടും പഴയ ബന്ധനങ്ങളിലേക്ക്....
ആതിരപ്പള്ളി വെള്ളച്ചാട്ടം....
[caption id="attachment_152" align="aligncenter" width="500" caption="ആതിരപ്പള്ളി വെള്ളച്ചാട്ടം"]എട്ടരക്കാണ് ചെക്ക് പോസ്റ്റിലെത്തിയത്.....നേരത്തെ വന്നപ്പോളുണ്ടായിരുന്നതില് നിന്നും ചെറിയ മാറ്റങ്ങള്‍..... മുമ്പ് പേരും വാഹനത്തിന്റെ വിവരങ്ങളും ഒപ്പും രേഖപ്പെടുത്തി പോകലായിരുന്നു രീതി.... ഇപ്പോള്‍ ഒരു സ്ലിപ്പ് കൂടി പൂരിപ്പിച്ച് നല്‍കുന്നുണ്ട്... എത്ര പ്ലാസ്റ്റിക് സാധനങ്ങള്‍ ബാഗുകളിലുണ്ട് എന്ന വിവരങ്ങള്‍ രേഖപ്പെടുത്തിയ സ്ലിപ്പ് മലക്കപ്പാറയിലെ ചെക്ക് പോസ്റ്റില്‍ നല്‍കണമെന്നും സ്ലിപ്പില്‍ രേഖപ്പെടുത്തിയ സാധനങ്ങളൊന്നും കാട്ടില്‍ ഉപേക്ഷിക്കരുതെന്ന നിര്‍ദ്ദേശവും ലഭിച്ചു......
[caption id="attachment_161" align="aligncenter" width="300" caption="വനം"]കാടിന്റെ ഊഷരതയിലേക്ക് പതിയെ.... വാല്‍പ്പാറയിലേക്ക് 85 കിലോമീറ്റര്‍ ദൂരം.... വഴി പഴയതിനേക്കാള്‍ മോശമായിട്ടില്ല എന്ന് യാത്ര തുടങ്ങിയപ്പോഴേ ബോദ്ധ്യപ്പെട്ടു.... പണ്ട് ഈ വഴിയേ ആദ്യമായി വരുമ്പോള്‍ ആനയെക്കണ്ടിട്ടുണ്ട്.. പിന്നീടൊരിക്കല്‍ കാട്ടുപോത്തിനെയും... എന്നാല്‍ പിന്നീട് പലവട്ടം ഈ വഴി വന്നിട്ടുണ്ടെങ്കിലും ഒരു മൃഗത്തെയും കണ്ടിട്ടില്ല. ഇപ്രാവശ്യവും പ്രതീക്ഷ കുറക്കുന്നതു പോലെ തൊട്ടു മുന്‍പേ പോയ ഒരു ഇന്‍ഡിക്ക കാറും എതിര്‍ദിശയില്‍ നിന്നു വന്ന ട്രാന്‍സ്പോര്‍ട്ട് ബസും ഇപ്രാവശ്യവും വഴിയില്്ട മൃഗങ്ങളുണ്ടാവില്ല എന്നുറപ്പിച്ചു... കാട്ടില്‍ മൃഗങ്ങളെ നേരിട്ടു കാണുക എന്നത് ഭാഗ്യമാണ് എന്ന് കാടുകയറാന്‍ തുടങ്ങിയ കാലത്തേ പഠിച്ചിരുന്നത് കൊണ്ട് പരിഭവമില്ലാതെ യാത്ര തുടര്‍ന്നു....കാടു തന്നെ ഒരു വലിയ അനുഭവമാണെന്ന് ഒരു പ്രാവശ്യമെങ്കിലും ഈ വഴി പോയിട്ടുള്ളവര്‍ക്ക് അറിയാം..... കോടമഞ്ഞിറങ്ങുന്ന വനമാണ് മുന്‍പിലേക്ക്. വര്‍ഷങ്ങളായി വാഹനങ്ങള്‍ക്ക് പ്രവേശനങ്ങളുള്ള വനപ്രദേശമായതിനാല്‍ സ്വാഭാവികമായും വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം പകല്‍സമയത്ത് ഇപ്പോള്‍ ഉണ്ടാവാറില്ല. പക്ഷേ, ഈ വനം തുടരുന്നത് ഇടതു വശത്ത് പറമ്പിക്കുളത്തേക്കും വലത് വശത്ത് ചിന്നാര്‍ കാടുകളിലേക്കുമാണെന്ന് അറിയുമ്പോളാണ് ഈ വനത്തിന്റെ ജൈവവൈവിധ്യത്തെക്കുറിച്ച് ബോദ്ധ്യപ്പെടൂ. ശുദ്ധവായു എന്നത് മൂക്കിലൂടെ അരിച്ചെത്തുന്നത് തിരിച്ചറിയാം..... നഗരവാസികള്‍ക്ക് അദ്ഭുതം തോന്നുന്ന അനുഭവം......
ഇല്ലിക്കാടുകളും കണ്ണെത്താപ്പൊക്കം വരെ ഉയര്‍ന്നു നില്ക്കുന്ന മരങ്ങളും കാട്ടുചോലകളും മനസ്സിനും കണ്ണുകള്‍ക്കും ശരീരത്തിനും നല്കുന്ന ശീതളിമയില്‍ യാത്ര മുന്നോട്ട്..... കുറേ ദൂരം മുന്നോട്ട് പോയപ്പോള്‍ മുന്പില് മൂന്ന് ബൈക്കുകള്‍... തമിഴ്നാട്ടില്‍ നിന്നുള്ള ആറുപേര്‍, കയ്യില്‍ കാനോണ്‍; അതിരുകളില്ലാത്ത യാത്ര ആസ്വദിക്കുന്ന അപരിചിതരായ ആറു പേര്...
[caption id="attachment_153" align="aligncenter" width="1024" caption="അപ്പര്‍ ഷോളയാര്‍ ഡാം"]കാടിനുള്ളില്‍ വളരെ കുറച്ച് സമയം ഫോട്ടോക്ക് വേണ്ടി ചിലവഴിച്ച് 11 മണിക്ക് മലക്കപ്പാറയിലെത്തി.... പ്രതീക്ഷിച്ചതുപോലെ ബാഗുകള്‍ പരിശോധിക്കപ്പെട്ടില്ല. വാഴച്ചാലിലെ ചെക്ക് പോസ്റ്റില്‍ വെച്ച് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ പുതിയ രീതികളെക്കുറിച്ച് തോന്നിയ സന്തോഷം അസ്ഥാനത്താണെന്നു തോന്നിയ നിമിഷം..... ലൈസന്‍സ് കാണിച്ച് ഞാന്‍ ഞാന്‍ തന്നെയാണെന്ന് ബോദ്ധ്യപ്പെടുത്തി യാത്ര തുടര്‍ന്നു ....
ഇനിയുള്ള യാത്ര പൊളിയാത്ത വഴികളിലൂടെയാണ്. സ്ഥിരമായി പോകുന്ന വഴിക്ക് പകരം ഷോളയാര്‍ ഡാം വഴിയാക്കി യാത്ര. ഷോളയാര്‍ ഡാമിന്റെ മുന്പില് എത്തിയതോടെ തീരുമാനം തെറ്റായിരുന്നില്ല എന്ന് ബോദ്ധ്യപ്പെട്ടു. ഈ ചിത്രങ്ങള്‍ നിങ്ങളെയും അത് ബോദ്ധ്യപ്പെടുത്തും എന്ന് കരുതുന്നു....
വാല്പ്പാ റ.... അത്യാവശ്യ സൗകര്യങ്ങള്‍ മാത്രമുള്ള ഒരു ചെറുപട്ടണം.പതിനായിരക്കണക്കിന് ഏക്കര്‍ തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലാണ് വാല്പാറ. ഒറ്റനോട്ടത്തില്‍ വാല്‍പ്പാറ-മലക്കപ്പാറ ഭാഗം മൂന്നാറിന് സമമാണ്.സൗകര്യങ്ങള്‍ അത്യാവശ്യത്തിനു മാത്രമേ ഉള്ളൂ എന്ന് മാത്രം. 100 വര്‍ഷം മുന്‍പ് ബ്രിട്ടീഷുകാരാണ് ഇവിടെ തേയില കൃഷി ആരംഭിച്ചത്.
വാല്പ്പാ റ പട്ടണം കടന്ന് പുറത്തെത്തിയപ്പോളാണ് മാനത്തേക്ക് അറിയാതെ കണ്ണോടിയത്....കാര്‍മേഘങ്ങള്‍ വിദൂരത്ത് നിന്ന് വിരുന്നുവരുന്നത് കണ്ടപ്പോള്‍ തലേദിവസത്തെ പെരുമഴയെ ആണ് മനസ്സിലേക്ക് കൊണ്ടുവന്നത്... ലോഡ്ജിലെ തൊട്ടടുത്ത റൂമില്‍ കഴിഞ്ഞ തമിഴാനാട്ടുകാരന് സ്വന്തം നാട്ടില്‍ ഒരാഴ്ച്ചയായി മഴയാണെന്ന് സംസാരമദ്ധ്യേ പറഞ്ഞത് മനസ്സില്‍ മിന്നിമറഞ്ഞു.... ഇനിയും ഉണങ്ങാത്ത ജീന്‍സും നനവു മാത്രം നല്കുന്ന ഷൂവും മനസ്സിനെ വിറപ്പിക്കാന്‍ തുടങ്ങി...പക്ഷേ യാത്രകളിലൂടെ മനസ്സിലുറച്ച ഒരു കാര്യമുണ്ട്. മലമുകളിലെ കാലാവസ്ഥ സമതലത്തില്‍ അതേപോലെ തന്നെ ഉണ്ടാകുമെന്ന് വിശ്വസിക്കാന്‍ തരമില്ല..... ആവതും വേഗം മലയിറങ്ങുക തന്നെ ശരണം...
[caption id="attachment_177" align="aligncenter" width="1024" caption="വിരുന്നിനെത്തുന്ന കാര്‍മേഘങ്ങള്‍"]ആതിരപ്പള്ളി- പൊള്ളാച്ചി യാത്രയുടെ ഹൃദയഭാഗം വാല്‍പ്പാറ മുതല്‍ ആളിയാര്‍ വരെയുള്ളതാണ്..40 ഹെയര്പി ന്നുകളാണ് കാത്തിരിക്കുന്നത്. അതും സാധാരണ ഹെയര്‍പിന്‍ വളവുകളെപ്പോലെ 40 എണ്ണം ഒറ്റയടിക്കല്ല. പാതിയോളമെണ്ണങ്ങള് താഴേക്കും മുകളിലേക്കുമായി... അതായത് എവിടെനിന്ന് എങ്ങോട്ടുപോയാലും കയറ്റത്തിലും ഇറക്കത്തിലും ഉള്ള ഹെയര്‍പിന്നുകള്‍ കണ്ടു കൂടിയേ മതിയാകൂ.....1866 ല്‍ മാത്യു ലോം സായ്പാണ് വാല്പാറ പൊള്ളാച്ചി റോഡ് രൂപകല്പന ചെയ്തത്. വന്‍പാറക്കെട്ടുകള്‍ മുറിച്ച് ഒരുക്കിയ പാത തമിഴ്നാട് സര്‍ക്കാരിന്റെ കരുതല്‍.....
40, 39,38…..35. കടുവകളുടെ സ്വന്തം വനമാണ്..... പകല്‍ കടുവയുടെ പൊടി പോലും കാണില്ല.
ചെറുവെള്ളച്ചാട്ടങ്ങള്‍ കണ്ണിനു കൗതുകം പകരുന്ന യാത്ര.... മലയുടെ ഉച്ചിയിലേക്ക് കയറുന്ന ആദ്യത്തെ 12 ഹെയര്‍പിന്നുകള്‍..... പിന്നെ താഴേക്ക് 28 ഹെയര്പിയന്നുകള് . ഇറക്കം തുടങ്ങിയപ്പോള്‍ കാലാവസ്ഥ മാറിത്തുടങ്ങി... മഴമേഘങ്ങള്‍ നീങ്ങിത്തുടങ്ങി.... കോടമഞ്ഞ് കടന്നുവരുകയും ക്രമേണ കുറയുകയും ചെയ്തു. ക്രമേണ ചൂട് കടന്നുവന്നു തുടങ്ങി....
20…19…18…17…16…16…16…16…. പതിനാറാമത്തെ ഹെയര്‍പിന്നില്‍ പെട്ടെന്നാണ് ഫ്രീസായിപ്പോയത്.... Butterfly Effect........... വഴിയരികില്‍ ഇരുകൈകളും വിടര്‍ത്തി നില്ക്കു ന്ന AJ എന്ന ജയമോഹന് ചേട്ടന്....മുന്പില് കൊച്ചു എന്ന വിവേക്... വളവില്‍ “വീണിതല്ലോ കിടക്കുന്നു ധരണിയില്‍” എന്ന മട്ടില്‍ എന്റെ ബൈക്ക്........... രണ്ടാഴ്ച്ചകള്‍ക്കു മുന്‍പ് കൊച്ചിയില്‍ നിന്നും പുത്തനോയി ഓടിത്തുടങ്ങിയ കരിസ്മയാണ് നിലത്ത്..... വേദനിപ്പിക്കുന്ന സ്ക്രാച്ചുകള്‍ കവിളുകളില്‍..... വര്‍ത്തമാനത്തിലേക്ക് തിരിച്ചുവന്നപ്പോഴാണ് ആ പതനം ഒന്നര വര്‍ഷത്തിനു മുന്‍പ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്..... കൊച്ചിയില്‍ നിന്നും ഏര്‍ക്കാടിനു പോയ വഴിക്ക് ഒരു ചെറിയ സ്ലിപ്പ്....
16 ല്‍ നിന്നും 15….14 വഴി പതിമൂന്നാം വളവില്‍ വ്യൂ പോയിന്റില്‍ ഒരു നിര്‍ത്തല്‍.... ലോം വ്യൂ പോയിന്റ്.... താഴെ, പരന്നു കിടക്കുന്ന ആളിയാര്‍ ജലസംഭരണി... വളഞ്ഞുപുളഞ്ഞു കിടക്കുന്ന മലമ്പാത.... വെയിലിലും പ്രണയ പരവശരായ രണ്ട് ജോഡികളെയും വിരുന്നുകാര് വലിച്ചെറിയുന്ന ആഹാരത്തിനായി കാത്തിരിക്കുന്ന വാനരസംഘങ്ങളെയും പിന്നില്‍ ഉപേക്ഷിച്ച് ആളിയാര്‍ ഡാമിന്റെ പരപ്പിലേക്ക് പതിയെ നീങ്ങി.... വഴിയില്‍ Monkey Falls .... തമിഴ്നാട്ടില്‍ ചെറിയ ജലസ്രോതസ്സുകളില്‍ പോലും എപ്പോഴുമുള്ളതു പോലെ നല്ല തിരക്ക് ഇവിടെയും...... ആളിയാറിന്റെ പരപ്പില്‍ നിന്നും നേരേ പൊള്ളാച്ചി റോഡിലേക്ക്.....
[caption id="attachment_149" align="aligncenter" width="1024" caption="ആളിയാര്‍ ഡാം"]അടുത്ത ലക്ഷ്യം ഉഡുമല്പേ ട്ട റോഡാണ്..... ആളിയാര്‍ കഴിഞ്ഞ് അടുത്ത ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് നേരേ... പൊള്ളാച്ചി അയല്വക്കത്തായതിന്റെ ഗുണം അറിഞ്ഞുതുടങ്ങി.... പൊള്ളാച്ചിയിലെ കാറ്റ് എന്നേക്കാളുമധികം വണ്ടി നിയന്ത്രിക്കാന്‍ തുടങ്ങി....ഇടത്തേക്കുള്ള വളവ് അതിന്റെ രസത്തില്‍ ആസ്വദിച്ചു വന്നപ്പോഴാണ് കാറ്റ് ബൈക്കിനെ മറിച്ചുകളയും എന്ന് മനസ്സിലായത്...
ദളിയും കുറിച്ചിക്കോട്ടയും കടന്ന് അമരാവതിയിലെത്തുമ്പോള്‍ സമയം 2.15… പന്ത്രണ്ട് കിലോമീറ്ററിന് ശേഷമുള്ള ചിന്നാര്‍ ചെക്ക് പോസ്റ്റില്‍ പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തി വീണ്ടും മുന്നോട്ട്.......................... രാവിലെ 9 മണിക്ക് വാഴച്ചാലില്‍ നിന്നും കഴിച്ച രണ്ട് അപ്പം ശരീരവുമായി സന്ധിയിലായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. അടുത്ത അരമണിക്കൂര്‍ കൊണ്ട് മറയൂരിലെത്തി സ്ഥിരം ഹോട്ടലില്‍ നിന്നും ഭക്ഷണം....
[caption id="attachment_135" align="aligncenter" width="692" caption="അമരാവതി ഡാം"]മൂന്നാര്‍..........
വൈകുന്നേരം അഞ്ചിന് മൂന്നാറില്‍.................മൂന്നാറിനെക്കുറിച്ച് എന്ത് പറഞ്ഞു തുടങ്ങണം, എവിടെ അവസാനിപ്പിക്കണം എന്ന് പിടിയില്ലാത്തവണ്ണം പ്രണയത്തിലായിപ്പോയ മൂന്നാര്‍..... സീസണ് വ്യത്യാസമില്ലാതെ സഞ്ചാരികള്‍ ഒഴുകിയെത്തുന്ന സ്ഥലമായി മാറിയ മൂന്നാറില്‍ ഒരു രാത്രി കൂടി....
29.10.2011…. കഴിഞ്ഞ ഒരു വര്‍ഷം പടിയിറങ്ങുകയാണ്.... ഒരു വയസ്സു കൂടി പൂര്‍ത്തി യാകുന്നു എനിക്ക്.... അതും ഒരു യാത്രമദ്ധ്യത്തിലാണ്.... മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെ തന്നെ സംഭവിച്ച ഒന്ന്....
പിറ്റേ ദിവസം രാവിലെ 7 മണിക്ക് മൂന്നാറിനോട് വിട ചൊല്ലി... കരയില്‍ ഏകയായ കാമുകിയെപ്പോലെ മൂന്നാര്‍ പിന്നില്‍ മറഞ്ഞു.... 10 മണിക്ക് വീട്ടിലെത്തുമ്പോള്‍ ഓഡോ മീറ്ററില്‍ 670 കിലോമീറ്റര്‍.... റോഡിനോടും പ്രകൃതിയോടുമുള്ള അടങ്ങാത്ത അഭിനിവേശവുമായി ജീവിതത്തിന്റെ അടുത്ത ഏടിലേക്ക്.............................
===========================================================================================
പിന്‍കുറിപ്പുകള്‍.....
1. ചാലക്കുടിയില്‍ നിന്നും ആതിരപ്പള്ളി-വാഴച്ചാല്‍ വെള്ളച്ചാട്ടം കണ്ട് വാല്‍പ്പാറ വഴി ആളിയാറിലെത്താം.ചാലക്കുടിയില്‍ നിന്നും വാല്‍പ്പാറ വരെ 120 കിലോമീറ്ററാണ് ദൂരം. ഈ റൂട്ടില്‍ തമിഴ്നാട്, കേരള സര്‍ക്കാരുകളുടെ ബസ് സര്‍വ്വീസുണ്ട്. ആളിയാറില്‍ നിന്നും പറമ്പിക്കുളം,കോയമ്പത്തൂര്‍,ഷോളയാര്‍,പൊള്ളാച്ചി, കൊടൈക്കനാല്‍, പളനി, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് പോകാം
2. ചാലക്കുടി വിട്ടാല്‍ പെട്രോള്‍ പമ്പ് വാല്പ്പാറയിലേ ഉള്ളൂ. 120 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ പമ്പുകള്‍ ഇല്ല.
3. വനപാതകളില്‍ ഇടക്ക് ഇറങ്ങുന്ന സ്ഥലം സുരക്ഷിതമെന്ന് ഉറപ്പാക്കണം. (ഇറങ്ങരുത് എന്നതാണ് ഔദ്യോഗിക നിര്‍ദ്ദേശം)
4. വാഴച്ചാലില്‍ നിന്ന് മലക്കപ്പാറ എത്തുന്നത് വരെ ഭക്ഷണവും ചായയും കിട്ടില്ല. വെള്ളവും ഭക്ഷണവും കരുതുന്നത് നല്ലത്.
5. വാല്പ്പാ റയില്‍ താമസിക്കാന്‍
I. ഹോട്ടല്‍ ട്രീറ്റ് - 04253 222981
II. ഹോട്ടല്‍ കൃഷ്ണ - 04253 222387
III. ഹോട്ടല്‍ ഗ്രീന്ഇന് - 04253 222861;04253 222862;04253 222863
============================End of the blog=====================================================