പുറത്ത് കാറ്റു വീശുന്നുണ്ട്.
തണുപ്പ് അപരിചിതത്വമില്ലാത്ത ആതിഥേയനായി മുറിക്കുള്ളില്‍ രോമകൂപങ്ങളെപ്പോലും തലോടിയുണര്‍ത്തിക്കൊണ്ടേയിരിക്കുകയാണ്.
നാട്ടില്‍ മഴ പെയ്യുകയാണെന്ന് സിതാര പറഞ്ഞതേയുള്ളൂ.
ഇവിടെ, ഇപ്പോള്‍ ഒരു മഴ പെയ്തിരുന്നുവെങ്കില്‍…. മരണത്തിലേക്കുള്ള പാത എത്രയോ അടുത്താണെന്ന് മഴയെക്കുറിച്ചുള്ള ചിന്തകള്‍ പോലും പറഞ്ഞു തരുന്നുണ്ട്.
മക് ഡോവല്‍ വിസ്കിയുടെ രണ്ടാമത്തെ പെഗ്ഗ് ടാപ്പു വെള്ളവും ചേര്‍ത്തത് ശരീരോഷ്മാവ് എത്തിപ്പെട്ടേക്കാവുന്ന പുതിയ ഉന്നതിയെക്കുറിച്ച് ചിന്തിപ്പിക്കുന്നുണ്ട്. പക്ഷേ മനുഷ്യനിര്‍മ്മിതമായ വിസ്കിക്ക് അസ്ഥിയെ തുളച്ചു കടന്നു പോകുന്ന 9 ഡിഗ്രി തണുപ്പിനെ ചൂടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ എപ്പോഴോ അസ്ഥമിച്ചിരുന്നു….
നാഗാലാന്റിന്റെ തലസ്ഥാനമായ കൊഹിമയില്‍ ഒരു രാത്രിസ്വപ്നത്തിന്റെ അവസാന രംഗത്ത് എത്തിപ്പെട്ടതല്ല. സാര്‍വ്വ ലൗകികനായ സുഹൃത്ത് സന്ദീപ് നാഗാലാന്റിലെ അതിപ്രസിദ്ധമായ ഹോണ്‍ബില്‍ ഫെസ്റ്റിവലിനു വന്നു പോയതു മുതല്‍ കൊഹിമ ഹൃദയത്തെ ആകര്‍ഷിച്ചിരുന്നു. നാഗാലാന്റിനെ പറ്റി പണ്ടു മുതലേ കേട്ടു ശീലിച്ചതും ഇപ്പോളും മാറ്റമേതുമില്ലാതെ കേരളത്തില്‍ പാടിക്കൊണ്ടിരിക്കുന്നതുമായ അസത്യപ്രസ്ഥാവനയെ ചെവിക്കൊണ്ടിരുന്നതു കൊണ്ട് ഈ നാട് യാത്രാപദ്ധതിയിലൊരിക്കലും പെട്ടിരുന്നില്ല. ആസ്സാം, സിക്കിം, പഛിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോളും ഏഴു സുന്ദരിസഹോദരിമാരിലെ ബാക്കി ഭാഗം അപ്രാപ്യം എന്നു വിളിച്ചുപേക്ഷിക്കയായിരുന്നു. ദേശീയഗാനം ഉറച്ചു ചൊല്ലിയാല്‍, ദേശീയ പതാക വീശിയാല്‍ മരണം സുനിശ്ചിതമായ നാടായാണ് മലയാളി എക്കാലവും നാഗാലാന്റിനെ അറിയുന്നത്. 2015ല്‍ സന്ദീപും ഷെല്‍ജയും പോയി വരും വരെ ആ ചിന്തകള്‍ മാറ്റമില്ലാതെ ഇരുന്നു. അവരുടെ തിരിച്ചു വരവ് പുതിയ നാഗാലാന്റിന്റെ ചിത്രം വരച്ചിട്ടിരുന്നു. അപ്പോഴും എന്നാണ് അവിടേക്ക് എന്നതു തീര്‌ച്ചപ്പെടുത്തിയിരുന്നില്ല.
ഇന്ത്യാമഹാരാജ്യത്തിന്റെ ബാക്കി ഭാഗങ്ങളുമായി ഭൂപ്രകൃതി കൊണ്ടും ഉള്‍ക്കൊള്ളുന്ന ജനസാമാന്യത്തിന്റെ സാംസ്കാരിക അവസ്ഥകള്‍ കൊണ്ടും വ്യത്യസ്ഥമാണ് ഏഴുസുന്ദരികള്‍. രാഷ്ട്രീയമായി പോലും സങ്കീര്‍ണ്ണതകള്‍ നേരിടുന്ന ഭൂവിഭാഗമാണിത്.
നരേന്ദ്രമോഡി ഡീമൊണിട്ടൈസേഷന്‍ പ്രഖ്യാപിക്കുന്ന സമയത്ത് ബാംഗ്ലൂരില്‍ നിന്നും ഗുവാഹത്തിയിലേക്കുള്ള എയര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ഞാനും ജിബിയും. രണ്ടും തമ്മില്‍ പരസ്പരബന്ധമില്ലെങ്കിലും വരാനിരിക്കുന്ന യാത്രയേ സംബന്ധിച്ച ആകുലതകള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് പാതിരാത്രി പ്രഖ്യാപനത്തിനു ശേഷമുള്ള രണ്ടു മൂന്നു ദിവസങ്ങള്‍ മനസ്സിലാക്കി തന്നു. സര്‍ക്കാര്‍ തന്നെ നേരിട്ടു നടത്തുന്ന ഹോണ്‍ബില്‍ ഉത്സവം നടക്കുമെന്നുറപ്പ്, പക്ഷേ യാത്രാപദ്ധതികള്‍ ഉറപ്പിക്കാന്‍ വയ്യാത്ത ഒരു വല്ലാത്ത അവസ്ഥയുണ്ടെന്ന് തിരിച്ചറിഞ്ഞ ദിനങ്ങള്‍. അതിനിടയില്‍ മണിപ്പൂരടക്കമുള്ള നാഗാലാന്റ്ന്റെ അയല്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന സന്ദിഗ്ദകള്‍ ആവോളം അലട്ടുന്നുമുണ്ട്
കൂട്ടുകാരനെപ്പറ്റി പറഞ്ഞില്ല.
ഒരിടത്തു പോകണമെന്ന് പറഞ്ഞാല്‍ നടന്നു വേണമെങ്കിലും പോകാന്‍ തയ്യാറുള്ള, മനസ്സുറപ്പുള്ള ചങ്ങാതി ആണ് ജിബി. തികഞ്ഞ സസ്യാഹാരി. മലകളോടാണ് പ്രണയം. മലകള്‍ മനുഷ്യന്റെ സംസ്കൃതിയുമായി വല്ലാത്ത ഇടപെടല്‍ നടത്തുന്നുണ്ടെന്ന് സംശയം ഇല്ലാത്ത ആളാണ്. എന്നു വെച്ചാല്‍, നമ്മള്‍ പത്താമത്തെ സ്റ്റെപ്പ് വെക്കുമ്പോ ആ മലക്കും മേലേ ചിരിച്ചു കൊണ്ടിരിക്കാനും മാത്രം കായികക്ഷമത ഉള്ള ബലവാന്‍ കൂടിയാണ് പുമാന്‍. യാത്ര എന്നാല്‍, പണത്തിന്റെ സാഹചര്യത്തിനപ്പുറേ വേറേ ഒന്നും ചിന്തിക്കാത്തയാള്‍.
അങ്ങിനെ ഒരു ദിവസത്തെ പ്ലാനിംഗ് കൊണ്ട് ബാംഗ്ലൂരില്‍ നിന്നും ഗുവാഹത്തി വരെയുള്ള യാത്ര തയ്യാറായിക്കഴിഞ്ഞു. ബാംഗ്ലൂര്‍ വരേ ഏതെങ്കിലും ട്രെയിനിന്റെ ലോക്കല്‍ ക്ലാസ്സ് അവിടെ നിന്നും വായൂമാര്‍ഗ്ഗം ഗുവാഹത്തി….
കടമ്പ ഒന്നു കൂടി ഉണ്ട്.
2016 മെയ് 22ന് കൂടെ കൂട്ടിയ ഒരു കടമ്പ. പിരിഞ്ഞിരിക്കുന്നതിലുള്ള അസ്ക്യതയൊന്നമില്ല അവളെ അലട്ടുന്നത്. അവള്‍ക്ക് അവധി കിട്ടാത്ത, സ്കൂള്‍ വെക്കേഷന്‍ അല്ലാത്ത കാലത്ത് യാത്ര പോകുന്നത് അത്ര പിടിച്ച ലക്ഷണം ഇല്ല. ഒന്നര മണിക്കൂര്‍ മുന്നേ യാത്രക്ക് തയ്യാറെടുക്കുന്ന ആളെ ജീവിതത്തില്‍ കൂടെ കൂട്ടിയാലുണ്ടാകാവുന്ന സ്വാഭാവിക സംഘര്‍ഷം. അതു പ്രതീക്ഷിച്ചതു പോലെ അപകടകാരണമായില്ല..
കോട്ടയത്തു നിന്നും പാസഞ്ചറില്‍ കൊച്ചിക്ക്…
കൊച്ചിയില്‍ നിന്നും എക്സ്പ്രസ് ട്രെയിനില്‍ ബാംഗ്ലൂര്‍….
പിറ്റേന്ന് അതികാലത്തേ എയര്‍പോര്‍ട്ടില്‍ നിന്നും ചെക്കിന്‍…
ഗുവാഹത്തി നഗരം 2006ല്‍ കണ്ടതു പോലെയേ ആയിരുന്നില്ല,
നഗരഹൃദയത്തില്‍ തന്നെ മനോഹരമായ ഒരു മുറി കരസ്ഥമാക്കി.
ഒരു ചായകുടിച്ച് ബൈക്കിംഗ് കമ്മ്യൂണിറ്റികളിലൂടെ കിട്ടിയ സുഹൃത്തിനെ രണ്ടു തവണ ഫോണ്‍ ചെയ്തപ്പോളേ യാത്രക്കുള്ള ബൈക്ക് റെഡി. പ്രതിദിനം 1100 രൂപാ വാടക. എന്‍ഫീല്‍ഡ് 350+രണ്ട് ഹെല്‍മെറ്റ്+ജാക്കറ്റ്+ഗ്ലൗസ്സ്….
സംഗതി ഡീലാക്കി അപ്പോ തന്നെ ഓടിച്ചോണ്ടും പോന്ന്…..
തെരുവിലെവിടെയും മദ്യശാലകളില്ല.
“എടേ ഇന്നു പട്ടിണിയോ”
“ഇല്ല. ഇവിടെ ആവില്ല. വേറേ എവിടെയെങ്കിലും ആവും”
ആ സമാധാനത്തില്‍ ഹോട്ടലിലെത്തി.
വീണ്ടും ദൂരമകലെയുള്ള ഡെക്കാത്തലോണില്‍ സ്ലീപ്പിംഗ് ബാഗ് തപ്പിയിറങ്ങുന്നതിനും മുന്നേ ആസ്സാംകാരനും സുഹൃത്തുമായ ഘനേന്ദ്രിനെ വിളിച്ച് മദ്യം ഇന്നു കിട്ടില്ലേ എന്ന് ചോദിച്ചപ്പോഴാണറിയുന്നത് അന്ന് ആസ്സാമില്‍ ഡ്രൈ ഡേ ആണെന്ന്. 18 കിലോമീറ്റര്‍ അപ്പുറത്ത് മേഘാലയയില്‍ പോയാല്‍ കിട്ടും എന്നു കൂടി അവന്‍ പറഞ്ഞില്ലായിരുന്നേല്‍ അന്ന് അനങ്ങാതായിപ്പോയേനേ. അങ്ങിനെ ആദ്യം ഡെക്കാത്തലോണിലേക്ക് വെച്ചു പിടിച്ചു. 15 ഡിഗ്രിക്ക് പറ്റിയ സ്ലീപ്പിംഗ് ബാഗ് ഒരെണ്ണം കരസ്ഥമാക്കി, അവിടെ നിന്നും ഒരു ഷോര്‍ട്ട്കട്ട് (ഗൂഗിളമ്മാവന്‍ ഉണ്ടാക്കിയത്. അമ്മാവന്‍ പൊളിച്ച് തീര്‍ത്തു തന്ന കഥ അടുത്ത ദിവസങ്ങളിലുണ്ട്) വഴി മേഘാലയയിലെ ആദ്യഗ്രാമമായ ഘാന്‍പരയയിലെത്തി.അതിര്‍ത്തി എന്നൊക്കെ പറഞ്ഞാല്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേര്‍ത്ത രേഖയാണ്. വേര്‍തിരിക്കുന്ന ചെക്ക് പോസ്റ്റുകളൊന്നുമില്ല.ഗുവാഹത്തി നഗരം അവസാനിക്കുന്നയിടത്ത് കോട്ടയത്തിന് കോടിമതയെന്ന പോലെയോ എറണാകുളത്തിന് അരൂര് എന്ന പോലെയോ അടുത്ത സംസ്ഥാനം ആരംഭിക്കുകയാണ്. ഒരു റോയല്‍ സ്റ്റാഗ് ഫുള്‍ 450 രൂപാ കൊടുത്ത് മേടിച്ചു. ഇനിയൊരു കടമ്പ കൂടി ഉണ്ടെന്ന് ഘനേന്ദര്‍ ഓര്‍മ്മിപ്പിച്ചിരുന്നു. എവിടെയും പോലീസ് പിടി കൂടാം. പ്രത്യേകിച്ച് ഡ്രൈ ഡേയില്‍. അതു കൊണ്ടു കുപ്പി സുരക്ഷിതമായി സ്ലീപ്പിംഗ് ബാഗിനുള്ളില്‍ ഒളിപ്പിച്ച് പിന്നിലിരിക്കുന്ന ജിബിയെ ഏല്‍പ്പിച്ചു. 500 മീറ്ററിനപ്പുറത്ത് പോലീസ് കാത്തുനില്‍പ്പുണ്ട് എന്നറിയാതെ….
പോലീസ് കൈ കാണിച്ചു.
ലൈസന്‍സ്
ഹേം
ആര്‍ സി
ഹേം
ദിഖാവോ
മിന്നല്‍പ്പിണര്‍ പാഞ്ഞത് മാനത്തല്ലെന്ന് മനസ്സിലായ നിമിഷങ്ങള്‍.
വണ്ടി വാങ്ങി തിരികെ വന്നപ്പോ ആര്‍ സി ലോഡ്ജില്‍ വെച്ചിട്ടാണ് പോന്നത്.
ബാംഗ്ലൂരില്‍ രാത്രി തങ്ങാന്‍ റൂമെടുത്തപ്പോ കൊടുത്ത ലൈസന്‍സ് തിരികെ വാങ്ങിയതുമില്ല.
മറന്നു പോകുന്ന ചിലത് നിമിഷാര്‍ദ്ധങ്ങള്‍ കൊണ്ട് ഓര്‍മ്മയിലേക്ക് വരും എന്നപ്പോഴാണ് മനസ്സിലായത്..
മദ്യമടങ്ങിയ സ്ലീപ്പിംഗ് ബാഗ് അപ്പോഴേക്കും സേഫ് സോണിലേക്ക് മാറ്റിയിരുന്നു.
കൊടും തെറ്റ് ചെയ്തവന്റെ കീശയിലിനിയെന്തിന് മദ്യം തപ്പണം എന്ന മട്ടിലേക്ക് പോലീസും.
ഇന്‍സ്പെട്കറോട് ടൂറിസ്റ്റാണെന്ന് അവകാശവാദത്തില്‍ സംസാരിക്കാനോങ്ങിയപ്പോഴേ അവഗണ ആയിരുന്നു ഫലം…..
പോക്കറ്റിലൊന്നാഞ്ഞു തപ്പി. ഒരു വള്ളി തടഞ്ഞു. അതെന്ത് വള്ളി….!!!
റെയില്‍വേ സ്റ്റേഷനില്‍ കാര്‍ പാര്‍ക്ക് ചെയ്യവേ അതിനുള്ളില്‍ കിടന്ന സര്‍ക്കാര്‍ ഐ ഡി കാര്‍ഡ് പോക്കറ്റിലേക്ക് വെറുതേ എടുത്തു തള്ളിയതാണ്. ആ വള്ളിയാണ് തടയുന്നത്. അത് വെറും വള്ളിയല്ല, പിടി വള്ളിയായാലോ എന്ന് വെറുതെ ചിന്ത പോയി.
രണ്ടും കല്പിച്ച് ഐ ഡി കാര്‍ഡ് കയ്യിലെടുത്തു. അവസാന പ്രതീക്ഷയാണ്. ഇന്‍സ്പെക്ടറുടെ ശ്രദ്ധ ക്ഷണിച്ചു. തിരിഞ്ഞു പോലും നോക്കിയില്ല.
രണ്ടും കല്പിച്ച് അദ്ദേഹത്തിന്റെ മുന്നിലേക്ക് നീങ്ങി നിന്ന്…
മേം ഏക് സര്‍ക്കാരീ ആദ്മീ ഹേ….
എന്നു പറഞ്ഞൊപ്പിച്ചു
ഐ ഡി ചോദിക്കുന്നതിനു മുന്നേ കയ്യിലേക്ക് വെച്ചു കൊടുത്തു.
ആ മുഖത്ത് ശൗര്യം മാറി സൗഹൃദം വിടരുന്നത് അദ്ഭുദത്തോടെ നോക്കി നിന്നു.
ഓഹ്...അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്…
എന്നും പറഞ്ഞ് ഐ ഡി തിരികെ തന്നു
ജിബിയോട് ഐ ഡി ആവശ്യപ്പെട്ടു. അവന്‍ ലൈസന്‍സ് കൊടുത്തു.
പൊക്കോളാന്‍ പറയാന്‍ അദ്ദേഹം പിന്നെ താമസിച്ചില്ല.
ഒരു ഐ ഡി കാര്‍ഡിന് ഇത്രക്ക് വിലയുണ്ടെന്ന് മനസ്സിലായത് അപ്പോഴാണ്.
നേരേ റൂമിലേക്ക്…..പത്തു മിനുട്ട്… രണ്ടു പെഗ്…. ഭക്ഷണം… ഉറക്കം….
റൂമിലെത്തിയപ്പോ ജിബിക്ക് സംശയം രണ്ടു പേരുടെയും ലഗ്ഗേജ് എങ്ങിനെയാണ് ബൈക്കില്‍ ക്രമീകരിക്കുക.
രണ്ടു സൈഡിലും കാരിയറുള്ള ബൈക്ക്. ആവശ്യത്തിന് മഴസുരക്ഷാ ക്രമീകരണങ്ങള്‍…
സോ ഇങ്ങിനെ പൊതിഞ്ഞ് ഇങ്ങിനെ വെക്കാം എന്ന ഡെമോ ആയി….
ബാഗ് ഇവിടെ…. അതിന്റെ സൈഡില്‍ ടെന്റ്… അതിന്റെ സൈഡില്‍ സ്ലീപ്പിംഗ് ബാഗുകള്‍…
ജിബിക്കും വിവരണം ഇഷ്ടപ്പെട്ടു.
അതാണ് മോനേ പ്ലാനിംഗ് എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു അന്നു മേടിച്ചതും പഴയതും ആയ സ്ലീപ്പിംഗ് ബാഗുകള്‍ തറയിലേക്ക് ഒരിടലായിരുന്നു….
……
……
…..
ഒരു കുപ്പിയുടയുന്ന ശബ്ദം….
ഏയ്….
അല്ലാ കേട്ടെന്ന് ജിബി….
ഏയ്…
മുറിയിലാകെ മദ്യത്തിന്റെ ഗന്ധം….
ഡ്രൈ ഡേ ആയതു കൊണ്ട് മേഘാലയയില്‍ പോയി, പോലീസുകാരുടെ കണ്ണു മൂടിക്കെട്ടി കൊണ്ടു വന്ന മദ്യം മുറി മുഴുവന്‍ പരന്നു….
അതു മുഴുവന്‍ തുടച്ചു വൃത്തിയാക്കി….
ജിബി ഒരു വെജിറ്റബിള്‍ ഫ്രൈഡ് റൈസ് അകത്താക്കി.
എന്റെ വിശപ്പ് എപ്പോഴോ കെട്ടു പോയി…
നാളത്തെ യാത്രയെക്കുറിച്ചുള്ള സ്വപ്നം ആയിരുന്നു പിന്നത്തെ ആഹാരം….!!!
No comments:
Post a Comment