For Earlier posts-
1- http://wp.me/p1tJbG-3d
2- http://wp.me/p1tJbG-3C
നനുത്തിറങ്ങുന്ന നൂലു പോലെയുള്ള മഴ ആഗസ്തില്‍ പതിവുള്ളതല്ല.....
എന്നിട്ടും രാവിലെ അലാറം അതിന്‍റെ അലസമായ മൂന്നാമത്തെ വട്ടമെത്തുമ്പോഴേക്കും ഏതോ ഒരൂര്‍ജ്ജത്തില്‍, പുതപ്പിന്‍റെ മറവില്‍ നിന്നും ഞാന്‍ പുറത്തേക്കൂര്‍ന്നിറങ്ങി...അനുഗ്രഹം ആകാശത്ത് നിന്ന് പെയ്തിറങ്ങുന്നത് പോലെ പുറത്ത് മഴ ചിലച്ചു കൊണ്ടിരുന്നു..... പിന്നിട്ട് പോയ ഒരു ദിനം നൂലകലത്തില്‍ കൈവിട്ടു പോയ ഒരു സ്വപ്നത്തെ തിരികെ കൊണ്ടുവന്നിരിക്കയാണ്..... ഒരു സ്വപ്നഭൂമിയിലേക്കുള്ള വിസയാണ് ഇന്നലെ പതിച്ചു നല്കപ്പെട്ടിരിക്കുന്നത്.....
കോട്ടയത്ത് നിന്നും എഴുപതോളം കിലോമീറ്ററോളം അകലെയുള്ള വീട്ടിലെത്തിയ താമസിച്ച വൈകുന്നേരത്ത്, മുന്‍പേ തന്നെ ഒരുക്കിവെച്ചിരുന്ന ബാഗുകളുടെ പുന:പരിശോധന മാത്രമേ നടത്തേണ്ടി വന്നുള്ളു... ബൈക്കിനു വേണ്ടി വരുന്ന സ്പെയറുകള്‍, ടൂള്‍ കിറ്റ്, പിന്നെ വസ്ത്രങ്ങള്‍.... എല്ലാം പഴയ അടുക്കുകളില്‍ തന്നെ ഉണ്ടല്ലോ എന്ന് ഉറപ്പു വരുത്തിയെങ്കിലും ഉറക്കം കടന്നുവരാന്‍ ഇശ്ശി സമയമെടുത്തു. അല്ലെങ്കിലും ജീവിതത്തില്‍ നല്ലതോ ചീത്തയോ ആയ എന്തെങ്കിലും സംഭവിക്കുമെന്ന് മുന്നേ അറിയാവുന്ന ദിവസങ്ങള്‍ക്ക് മുന്‍പുള്ള രാവുകളില്‍ ഉറക്കം നഷ്ടപ്പെട്ടല്ലേ മതിയാകൂ....... അങ്ങിനെ വളരെ കഷ്ടപ്പെട്ട് രാവിലെ ഒരു മണിക്ക് തുടങ്ങിയ ഉറക്കമാണ് മൂന്നരരക്ക് ഭേദിക്കപ്പെട്ടിരിക്കുന്നത്....
ഒരു വലിയ യാത്ര ആരംഭിക്കുന്നതിന് അവശേഷിക്കുന്ന കടമ്പകള്‍ ഏതാണ്ടിങ്ങനെയാണ്..... 1. നൂറ്റമ്പതോളം കിലോമീറ്റര്‍ അകലെയുള്ള കൊച്ചിയിലെത്തണം 2. ബൈക്കില്‍ ചില ചിത്രപ്പണികളൊരുക്കണം 3. ബൈക്ക് സ്റ്റേഷനിലെത്തിക്കണം, പാഴ്സല്‍ ബുക്ക് ചെയ്യണം, ട്രെയിനിലേറ്റണം 4. എന്നെ സുരക്ഷിതമായി ട്രെയിനിലുള്ളിലെത്തിക്കണം..... കുളിയും പാസ്സാക്കി അമ്മയോടും ചേട്ടനോടും യാത്ര പറഞ്ഞ് നാലു മണിക്ക് പുറപ്പെട്ടു......ആകെ അഞ്ചു ബാഗുകള്‍.... എല്ലാം ബൈക്കില്‍ സുരക്ഷിതമായി ചേര്‍ത്ത് വെച്ചു.... ഇനിയെത്രയോ കിലോമീറ്ററുകല്‍ തമ്മിലുരുമ്മി യാത്ര ചെയ്യേണ്ടതാണെന്ന് ഉള്ളേ പറഞ്ഞു കൊണ്ട് ബാഗുകള്‍ ബൈക്കിനോടുരുമ്മിയിരുന്നു.....
ഏതാണ്ട് ആറേ കാലായപ്പോള്‍ കലൂരെത്തി..... ഇവിടെ എനിക്ക് വേണ്ടി രണ്ടു പേര്‍ കാത്തിരിക്കുന്നുണ്ട്...... രഞ്ജിത്തും സ്വരൂപും... രണ്ട് പേരും പേര് കേട്ട ബൈക്കേഴ്സ് ആണ്... www.throttlers.net എന്ന സംരഭത്തില്‍ എന്നോടൊപ്പമുള്ള അഞ്ചു പേരില്‍ രണ്ട് പ്രധാനികള്‍. ബൈക്കില്‍ ചില ചിത്രപ്പണികള്‍ ആണുദ്ദേശം.... രഞ്ജിത്തിന്‍റെ ഫ്ളാറ്റില്‍ വെച്ച് എല്ലാം പൂര്‍ത്തിയാക്കി എട്ടര ആയപ്പോ റെയില്‍വേ സ്റ്റേഷനില്‍ എത്തപ്പെട്ടു. ഇനി വേഗം നടക്കേണ്ടുന്നതായ കാര്യങ്ങളാണ് മുന്നിലുള്ളത്.
ബൈക്ക് പാഴ്സല്‍ ആയി ബുക്ക് ചെയ്ത് പായ്ക്ക് ചെയത് ട്രെയിനുള്ളില്‍ കയറ്റണം. ഒരു സുഹൃത്തിന്‍റെ സുഹൃത്തായ സുധീഷാണ് ഇവിടുത്തെ പ്രതീക്ഷ. എനിക്കു പോകേണ്ടുന്ന ട്രെയിനിനും മുന്‍പേ ഉള്ള ട്രെയിനിലേക്കുള്ള പാഴ്സലുകള്‍ ഒരുക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍... സുധീഷും തിരക്കില്‍.... സുധീഷ് ഇടക്ക് വന്ന് ആശ്വാസവചനം നല്കി.... ചേര്‍ത്തല സ്ലാങ്ങില്‍ ആശാന്‍ , എല്ലാം ശരിയാക്കാമെന്നും, അവര്‍ വരുമ്പോഴേക്കും വണ്ടിയുടെ ടാങ്കിലെ പെട്രോളൊക്കെ ഊറ്റി റെഡി ആകൂ എന്ന് പറഞ്ഞു. ഇപ്പോഴാണ് പരമപ്രധാനമായ ഒരു കാര്യം പിടികിട്ടുന്നത്. ടാങ്കില്‍ ഒരു തുള്ളി പെട്രോള്‍ പോലും അവശേഷിച്ചു കൂടാ. അതായത്, വണ്ടി ഓണാക്കി വെച്ച് അവസാനത്തെ തുള്ളി പെട്രോളും ത ീര്‍ന്ന് വണ്ടി ഓഫായാലെ പാഴ്സലെടുക്കൂ. പ്രതിനസന്ധി 1- പെട്രോള്‍ തീര്‍ന്ന് വണ്ടി ഓഫാകുന്ന സാഹചര്യങ്ങള്‍ ഫ്യുവല്‍ ഇന്‍ജെക്ടറിനെ അപകടപ്പെടുത്തിയേക്കാം.... പ്രതിസന്ധി 2- പെട്രോള്‍ ടാപ്പെന്ന് പറയുന്ന പെട്രോള്‍ ഊറ്റള്‍ ജാലകം ഈ വണ്ടിക്കില്ല..... കുടുങ്ങിയല്ലോ എന്ന മട്ടിലായിരുന്നു സ്വരൂപിന്‍റെയും രഞ്ജിത്തിന്‍റെയും എന്‍റെയും മുഖം. കല്പന കല്ലേയും പിളര്‍ക്കുമല്ലോ..... ധര്‍മ്മസങ്കടം സുധീഷിനെ അറിയിച്ചു. അപ്പോ ദാണ്ടേ വരുന്നു, നൂല്‍ക്കമ്പിയും ഒരു തുണിക്കഷ്ണവും.... പെട്രോള്‍ ഒപ്പിയെടുത്ത് വറ്റിക്കണം...... കുടത്തില്‍ ചെറുകല്ലുകളിട്ട് വെള്ളം കുടിച്ച കാക്കയുടെ കഥ ചെറുപ്പത്തിലെ പഠിപ്പിച്ചതെന്തിനാണെന്ന്(ഗൃഹപാഠം ചെയ്യാതെ ചെന്നതിന് വരാന്തയില്‍ നിന്നപ്പോള്‍ ക്ലാസ്സിനകത്ത്) അപ്പോഴാണ് മനസ്സിലായത്. അങ്ങിനെ നല്ല വില കൊടുത്ത് വാങ്ങിച്ച പെട്രോള്‍ ടാങ്കില്‍ നിന്ന് തുണിയില്‍ ഒപ്പിയെടുത്ത്, എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ മുന്‍പിലുള്ള മണ്ണില്‍ പിഴിഞ്ഞൊഴിച്ചു കൊണ്ടേയിരുന്നു...... മൂന്നു പേരുടെയും ഹൃദയം തേങ്ങുകയായിരുന്നു....... സമയം അപ്പോളേക്കും ഒന്‍പതേ കാലു കഴിഞ്ഞിരുന്നു.... തുണിക്ക് ചെയ്യാന്‍ കഴിയുന്ന സേവനത്തിന്‍റെ പരമാവധിയോളം എത്തിയിരിക്കുന്നു. ടാങ്കിലേക്ക് നോക്കിയിട്ട്, പെട്രോള്‍ കാണാനും മാത്രമില്ല. അപ്പോ സംഗതി ഫലിച്ചിരിക്കുന്നു. സമയത്തിന്‍റെ ബാലന്‍സ് മാത്രമാണ് ഇനി. എല്ലാം കിറുകൃത്യമായി നടന്നാല്‍ സംഭവം ഓക്കേ..... പാഴ്സല്‍ ആഫീസിലെ ദേവത വന്നു..... അവരോടുള്ള പ്രേമമോ എന്തോ പുഷ് ബട്ടണ്‍ അമര്‍ത്തിയപ്പോ തന്നെ ബൈക്ക് സ്റ്റാര്‍ട്ടായി....... അതായത് പണി പാളി....... വണ്ടി ഓഫാകാതെ, No രക്ഷ..... തുണി കൊണ്ടിനി രക്ഷ ഇല്ല.... പിന്നെ......
9.25 AM- ഇനി വണ്ടി ഓടിച്ച് പെട്രോള്‍ തീര്‍ക്കയേ ഉള്ളൂ രക്ഷ..... ഒരനുവാദവും ചോദിക്കാതെ മുട്ടിന് മുട്ടിന് പെട്രോള്‍ തീര്‍ത്ത് വഴി കിടത്തിയിട്ടുള്ള ആശാനാണ് ഇപ്പോ ഒന്ന് നിന്നു തരാന്‍ മടി...... ഒരു ലിറ്ററിന് നാല്പത്തഞ്ച് കിലോമീറ്റര്‍ വരെ ഓടും എന്ന അഭിമാനം എട്ടിന്‍റെ പണിയായിത്തീരുകയാണെന്ന് അറിഞ്ഞു തുടങ്ങി..... സൗത്ത് റെയില്‍വേ സ്റ്റേഷനു മുന്നിലൂടെ അഞ്ചോളം കിലോമീറ്ററോളം ഓടിയിട്ടും വണ്ടിക്ക് കുലുക്കമില്ല. അവസാനം ഈ പണി രക്ഷയില്ല എന്ന് വിചാരിച്ച് വണ്ടി വീണ്ടും പാഴ്സല്‍ ആപ്പീസിനു മുന്‍പില്‍ നിര്‍ത്താനായി ഓടിച്ചെത്തിച്ചതും, ഖലാഷ്..... വണ്ടി ഓഫായി...... ശുഭം, മനസ്സ് അങ്ങിനെ മന്ത്രിച്ചു തുടങ്ങിയ നിമിഷത്തില്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ മനസ്സിലായി.......
1. ഞാന്‍ പോണ വണ്ടിയ്ക്കുള്ള പാഴ്സല്‍ ബുക്കിംഗ് ക്ലോസ്സ് പണ്ണീട്ടേന്‍....
2. ആ വണ്ടിയുടെ പാഴ്സല്‍ ഏരിയ അടച്ച് പൂട്ടിയ താക്കോല്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു.
3. പോകേണ്ടുന്ന വണ്ടിയുടെ അവസാനത്തെ അനൗണ്‍സ്മെന്‍റിന്‍റെ ആദ്യ ഭാഷാ പര്യടനം അവസാനിച്ചിരിക്കുന്നു.....
അല്ലെങ്കിലും നമ്മള്‍ ലേറ്റ് ആകുമ്പോ കൃത്യസമയത്തും നേരത്തേ ചെന്നിരുന്നാല്‍ ലേറ്റ് ആയും സേവിക്കുക റെയില്‍വേയുടെ രീതി ആണല്ലോ.......
ഓടുന്ന വണ്ടിയില്‍ ചാടിക്കയറിക്കൂടാ.....
പക്ഷേ ഒരു വണ്ടി മിസ്സായാല്‍ അടുത്ത വണ്ടിക്ക് മിസ്സായ ടിക്കറ്റും കൊണ്ട് യാത്ര ചെയ്യാന്‍ തീവണ്ടി വകുപ്പ് അവസരം നല്കില്ലല്ലോ എന്നൊക്കെയുള്ള ചിന്ത വയറ്റില്‍ നിന്ന് ഒരാന്തലായി തലച്ചോറിലെത്തിയപ്പോഴേക്കും റെയില്‍വേയുടെ അനൗണ്‍സര്‍ ദേവത ഇംഗ്ലീഷ്‍ അനൗണ്‍സ്മെന്‍റില്‍ നിന്നും അവസാന റൗണ്ട് ഹിന്ദി അനൗണ്‍സ്മെന്‍റിലേക്ക് കടന്നിരുന്നു. തലച്ചോറിന്‍റെ പക്വത പരീക്ഷിക്കപ്പെടുന്ന വിലപ്പെട്ട നിമിഷങ്ങള്‍. മൈക്രോ സെക്കന്‍റുകള്‍ക്ക് പോലും വലിയ വിലയുള്ള ചില നിമിഷങ്ങള്‍...... ബൈക്കിന്‍റെ ആര്‍.സി പേപ്പറുകള്‍ സ്വരൂപിന്‍റെ കയ്യിലേക്ക് കൈമാറി,. ഒപ്പം ആവശ്യമുള്ള രൂപയും...... പിന്നെ കയ്യില്‍ കിട്ടിയത് രണ്ട് ബാഗുകളാണ്.... അതും കയ്യിലെടുത്ത് ഓടുമ്പോഴേക്കും, തീവണ്ടി ചലിച്ചു തുടങ്ങിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലായി...... സ്ലീപ്പര്‍ കംപാര്‍ട്ട്മെന്‍റുകള്‍ ടാറ്റാ പറഞ്ഞ് പോകുന്നു..... ഏറ്റവും പിന്നിലത്തെ ലോക്കലിലേക്കാണ് കടക്കാനാവുന്നത്....... രണ്ടും കല്പിച്ച് കയ്യിലിരുന്ന രണ്ട് ബാഗുകള്‍ ട്രെയിനുള്ളിലേക്ക് എറിഞ്ഞു..... പിറകെ സ്വയം എറിഞ്ഞു കൊടുത്തു ട്രെയിനുള്ളിലേക്ക്..... എന്‍റെ പിന്നാലെ, സുധീഷ്, രഞ്ജിത്ത്, സ്വരൂപ് എന്നിവരുടെ കൈകളില്‍ നിന്നും മൂന്നു ബാഗുകള്‍ കൂടി എന്‍റെ മേലേക്ക് വന്നു വീണു......
ബൈക്കൊഴികെ ബാക്കി ഞാനടക്കം എല്ലാം ട്രെയിനുള്ളില്‍ എത്തിയല്ലോ എന്ന സമാധാനത്തോടെ ട്രെയിനിന്‍റെ ബോഗിയുടെ തറയില്‍ കൈ പരതവേ, ഒരു കാലിലാണുടക്കിയത്.... മദ്രാസിയോടുള്ള പുഛത്തോടെ അയാള്‍ ചോദിച്ചു......
“अरे बेकार, आप आत्महत्या करने की कोशिश कर रहे थे?” (എടാ വിവരമില്ലാത്തവനേ, ചാകാനിറങ്ങിയതാണോ? )
Keep going Praveen..It is Interesting to read :)
ReplyDeleteGood one bro..:)
ReplyDelete