Saturday, April 20, 2013

സന്ദിഗ്ധതയുടെ ആരംഭം അന്വേഷിച്ച്.....

For the earlier post, visit - http://wp.me/p1tJbG-3d


ഇന്ന് രാവിലെ കടും കാപ്പിയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി ഒരു ദിവസത്തിന്‍റെ ആരംഭത്തിനുള്ള പ്രാര്‍ത്ഥന അര്‍പ്പിക്കവേയാണ്, കഴിഞ്ഞ ദിവസം “ഉയര്‍ത്തിവിട്ട “ സന്ദിഗ്ധതയുടെ തുടക്കത്തെപ്പറ്റി ഓര്‍ത്തത്.... ഹരിച്ചു നോക്കി, ഗുണിച്ചു നോക്കി, കുറച്ചും കൂട്ടിയും നോക്കി..... ഈ യാത്രയില്‍ ഇവിടെ യാണോ അസന്ദിഗ്ധതയുടെ തുടക്കം... പത്താം ക്ലാസ്സ് കടക്കില്ലല്ലോ എന്‍റെ കുട്ടി എന്ന് കരുതി പകച്ചു നിന്ന മേമലക്കുന്നേല്‍ വര്‍ക്കി മകന്‍ മാത്യു (അതാണ് നുമ്മടെ പിതാശ്രീ) പണ്ട് തന്നെ അറിഞ്ഞ അസന്ദിഗ്ധത ഈ യാത്രയില്‍ കാര്യമാത്ര പ്രസക്തി ഇല്ലാത്ത ഒന്നാണല്ലോ എന്നോര്‍ത്ത് തള്ളിക്കളയാം.... എന്നാലും ആ സാധനം പിന്നെയും പലയിടത്തും ഒണ്ടാര്‍ന്നല്ലോ....


മുന്‍പത്തെ കുറിപ്പിലും ഇപ്പോഴും യാത്ര, ദെല്‍ഹി, കാശ്മീര്‍ എന്നൊക്കെ പറഞ്ഞെങ്കിലും അതെന്താണെന്ന് പറഞ്ഞിരുന്നില്ല, അല്ലേ....


ഇച്ചിരി പുറകോട്ട് പോകേണ്ടി വരും.... ലേശം ഫ്ലാഷ്ബാക്ക്... 70mm കളര്‍....


ഒന്നാം വര്‍ഷ ബിരുദ വിദ്യാഭ്യാസകാലത്ത് വെറുതെ ഒരു വെള്ളിയിഴ്ച്ച കോട്ടയത്ത് നിന്നു മുങ്ങി പിറ്റേ ദിവസം മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ പൊങ്ങി അവിടുന്ന് കുന്താപുര വഴി കുടജാദ്രിക്ക് നടന്നുകയറി ആരംഭിച്ചതാണ് യാത്രയുടെ പര്‍വ്വം. പിന്നെയും കാലങ്ങള്‍ക്ക് ശേഷമാണ് ഇരുചക്രവാഹനത്തിലെ യാത്രികന്‍ ആകുന്നത്. ആരുമറിയാതെയും എല്ലാരുമറിഞ്ഞും പഴ ബജാജ് പള്‍സറില്‍ എത്രയോ മലയും പുഴയും താണ്ടി. യാത്ര ആത്മാവിനെ നിയന്ത്രിക്കുന്ന ഒന്നില്‍ നിന്നും, വലിയ ലോകത്തിന്‍റെ ആത്മാവിനെയും അതിന്‍റെ വിശാലമായ പരപ്പില്‍ അതിരില്ലാത്ത രീതിയില്‍ പരന്നു കിടക്കുന്ന മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ജീവിതവും സംസ്കാരവും അറിയാനുള്ള ഒരു വലിയ സപര്യയായി മാറി.... ലോക്കല്‍ കംപാര്‍ട്ട്മെന്‍റില്‍ ഉപ്പൂറ്റിയില്‍ ഊന്നി നിന്നും, വര്‍ഷപാതത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍ മനസ്സും ശരീരവും കുളിര്‍പ്പിച്ചും, പെട്രോള്‍ തീര്‍ന്ന് വഴിയില്‍ക്കിടന്നും, തമിഴ്നാട്ടിലെ ടാസ്മാക് ബാറില്‍ പേരക്കാ കൂട്ടി റമ്മടിച്ചും, വണ്ടിയില്‍ നിന്ന് ഉരുണ്ട് വീണും എത്ര രാവുകളും പകലുകളും പിന്നിട്ടിട്ടും ജീവിതമെന്ന ഈ കുണ്ടാമണ്ടിയുടെ സങ്കീര്‍ണ്ണമായ കെട്ടുകള്‍ പിണഞ്ഞു തന്നെ കിടപ്പാണെന്ന തിരിച്ചറിവാണ്, അടുത്ത യാത്ര എന്ന ചിന്തയിലേക്ക് എപ്പോഴും എന്നെ എത്തിച്ചിരുന്നത്...


അതും കഴിഞ്ഞ് 2010ലാണ് ഒന്നാംന്തരം പട്ടിക്കാട്ടുകാരനായ ഞാന്‍ മോഡേണാവാന്‍ ശ്രമിക്കുന്നത്.  പുതിയ വണ്ടി ഒരെണ്ണം വാങ്ങി . കുറച്ചുകൂടി ഗൗരവത്തിലുള്ള ബൈക്ക് യാത്രികനാവാനുള്ള മോഹത്തോടെ.... 2010 ല്‍ ഏതാണ്ട് എന്നെപ്പോലെയുള്ള കുറേപ്പേരെ ഏതായാലും കണ്ടു മുട്ടി.....ഭാഷയുടെയും സംസ്കാരത്തിന്‍റെയും അതിര്‍വരമ്പില്ലാതെ എവിടെയും സ്വന്തെ ബൈക്കിന്‍റെ ചക്രത്തിലെത്താനും പുതിയ ലോകങ്ങളെ അറിയാനും അവിടെ ജീവിക്കാനും ആഗ്രഹിക്കുന്ന ചിലര്‍, നമ്മളെ കൂടാതെ ഈ ലോകത്തുണ്ട് എന്ന തിരിച്ചറിവ് നമ്മുടെ ലോകത്തിന് വികാസം നല്കുന്ന ഘടകം ആണ്.


ഗ്ലാസ്സില്‍ നുരയുന്ന മദ്യത്തിനും എരിഞ്ഞു തീരുന്ന പെട്രോനിളുനമുപ്പറം ജീവിതം മുന്നോട്ട് വെക്കുന്ന അനുഭവത്തിന്‍റെ പാഠങ്ങളെ മനസ്സിലാവാഹിക്കാന്‍ ആഗ്രഹിക്കുന്ന സുഹ‍ൃത്തുക്കളുടെ ഒരു കൂട്ടായ്മ..... അതിനിടയിലെപ്പോഴൊക്കെയോ ആണ്, ലിജോയെയും ആനന്ദിനെയും ശ്രീജിത്തിനെയുമൊക്കെ പരിചയപ്പെടുന്നത്.... പലപ്പോഴും ഒരുമിച്ച് യാത്ര ചെയ്തും, കെട്ടിപ്പിടിച്ചുറങ്ങിയും ആ ബന്ധങ്ങള്‍ക്ക്‍ ആഴം കൂടിക്കൂടി വന്നിരുന്നു..... ലിജോ ആണ് കാശ്മീരിലെ സ്വര്‍ഗ്ഗമായ ലഡാക്കിലേക്ക് ഒന്നു വണ്ടി ഓട്ടിച്ചാലോ എന്നാദ്യം ചോദിക്കുന്നത്.... ലോകത്തിലെ ആയിരക്കണക്കിന് ബൈക്ക് യാത്രികര്‍, കേരളത്തില്‍ ശബരിമലയിലേക്ക് പോകുന്ന വിശ്വാസികളുടെ ആത്മാര്‍ത്ഥതയോടെ മനസ്സ് നിറഞ്ഞ് നടത്തുന്ന ഒന്നാണ് ലഡാക്ക് യാത്ര........ ലിജോ, ആനന്ദ്, ശ്രീജിത്ത് എന്നിവരോപ്പം ലദാക്കിലെ മഞ്ഞുമലകളില്‍ നൃത്തം വെക്കുന്ന സ്വപ്നം (ഈസ്റ്റ്മാന്‍ കളര്‍) പല തവണ കണ്ടാണാറുങ്ങിയത്..... ഇത്രയും പറഞ്ഞ് വന്നപ്പോ ഈ പുമാന്മാരോടൊപ്പമാണ് ഞാന്‍ കാശ്മീരില്‍ പോയത് എന്ന് നിങ്ങള്‍ക്കോ തോന്നിക്കാണും.......    ഇപ്പോ പറഞ്ഞ ആ മറ്റേ കളര്‍ സ്വപനം ഉണ്ടല്ലോ,  പണ്ട് +2 ഒക്കെ കഴിഞ്ഞ് എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ് കോണ്‍ഫിഡന്‍സ് ഒക്കെ കാണിച്ച് നിന്നിട്ട് അഞ്ചക്കത്തിലുള്ള റാങ്ക് മാത്രം കിട്ടി, “We will try next time” എന്ന് പറഞ്ഞ് സ്മാര്‍ട്ട് ആയ പോലെയായി.... അതായത് സ്വപ്നത്തിലെ മാവ് പൂത്തുമില്ല, ഉത്തരത്തിലുള്ളത് എടുക്കാനും പറ്റിയില്ല എന്ന് പറഞ്ഞ പോലെ.....




[caption id="" align="aligncenter" width="2333"]Leh കാശ്മീര്‍ യാത്രക്ക് ശേഷം ശ്രീജിത്ത് ഷെയര്‍ ചെയ്ത ചിത്രം. എന്‍റെ സ്വപ്നം എന്തു കൊണ്ട് നടപ്പിലാക്കണം എന്നെനിക്ക് തോന്നിത്തുടങ്ങാന്‍ കാരണമായ ഒന്ന്.[/caption]

അങ്ങിനെ ലിജോയും കൂട്ടരും സ്വപനം പ്രാവര്‍ത്തികമാക്കി ഒരു വര്‍ഷം തികയുന്നതിന് ഒരു വ്യാഴവട്ടം മുന്‍പ് ഏതോ പുണ്യവാളന്‍ പറഞ്ഞിട്ടെന്ന പോലെ തിരുവനന്തപുരത്ത് നിന്നു തന്നെ പുതിയ വാറോല വന്നു..... ലക്ഷ്യം കാശ്മീറും ഹിമാലയവും ഒക്കെത്തന്നെ. പക്ഷേ, ഇത് 2012 ജൂലൈയിലേക്ക് ആണെന്ന് മാത്രം.  തിയേറ്റര്‍ ശ്രീധര്‍ ആയാലും  മുണ്ടക്കയം ഗാലക്സി ആയാലും പടം മുറിച്ചു മാറ്റാതെയും ബിറ്റില്ലാതെയും ഒറിജിനാലായി തന്നെ കാണണമെന്ന് മാത്രം സ്കൂള്‍ കാലം മുതല്‍  പരിമിത മായ നിര്‍ബന്ധം മാത്രമുള്ള ഞാന്‍ തിരോന്തോരംകാരനായ ശ്രീനാഥിന്‍റെ ചോദ്യം  മുഴുമിക്കും മുന്‍പെ “മൂന്നു” കയ്യും പൊക്കി.


ലിജോയുടെയും മറ്റു ഗഡികളുടെയും കൂടെ 2012ല്‍ പോയില്ലെന്ന് പറഞ്ഞല്ലോ..... പക്ഷേ, ഏതാണ്ട് പോയ പോലെയാണ് അത് നടക്കാതിരുന്നത് എന്ന് പറഞ്ഞില്ലല്ലോ... പോവാന്‍ യഥാര്‍ത്ഥത്തില്‍ ആത്മാര്‍ത്ഥമായി തീരുമാനമെടുത്തിരുന്നു എന്നത് കെ.എസ്.എഫ്.ഇക്ക് മാത്രം അറിവുള്ളതാണ്....  അത് മറ്റൊരു ട്രാജ‍ഡി..... അവരുടെ അലമാരിയില്‍ ഉറങ്ങുന്ന ശമ്പളസര്‍ട്ടിഫിക്കറ്റ് പക്ഷേ അതിനൊരു തെളിവായി ഇപ്പോഴും അവരിടക്കിടെ മേലുദ്യോഗസ്ഥന് അയച്ചുകൊടുക്കന്നുണ്ട് എന്നത് ആ ട്രാജഡിയുടെ എക്സ്റ്റന്‍ഷന്‍ മാത്രമാണ്.  പക്ഷേ ആ വഴിക്കാണ് ഞാനും ഒരു ഫേസ്ബുക്ക് ഫോട്ടോഗ്രാഫറായത്.... :-D


സീന്‍ ഒന്നിനുള്ള ക്ളാപ്പ് വീണ്ടും കൊടുത്ത് സംഭവം കളറാക്കി......


പോകേണ്ടുന്ന വഴികള്‍, കൊണ്ടു പോകേണ്ടുന്ന സാധനങ്ങള്‍, മുന്‍കരുതലുകള്‍ അങ്ങിനെ എല്ലാം അഡ്വാന്‍സായി കുറിച്ചും ചര്‍ച്ചിച്ചും സംഭവം വലിയ താമസം കൂടാതെ മുന്നോട്ട് ഓടിത്തുടങ്ങി.... മോഹന്‍ലാല്‍ ഡയലോഗ് പോലെ ഊരുതെണ്ടിയുടെ ഓട്ടക്കീശ അത് പോലെ തന്നെ വളഞ്ഞ് ചോദ്യച്ചിഹ്നം പോലെ അവശേഷിച്ചു നിന്നു.... എല്ലാ വെളുപ്പിനും ഞെട്ടിയുണരുമ്പോള്‍ സീറോക്കടുത്ത് വരുന്ന എ.ടി.എം സ്ലിപ്പ് കണ്ട് വീണ്ടും അന്തിച്ച് കട്ടിലില്‍ കുത്തിയിരുപ്പ് തുടര്‍ന്നു..... സ്വപ്നങ്ങള്‍ക്ക് ഇതൊന്നും ചരമക്കുറിപ്പ് ആകുന്നില്ലല്ലോ, ആ ചിന്തയില്‍  വീണ്ടും ഉറക്കവും ചര്‍ച്ചകളും അവിരാമം തുടര്‍ന്നു കൊണ്ടേയിരുന്നു,,,,,


കോട്ടയത്തെ കോഫീഹൗസിന്‍റെ കാപ്പിക്കപ്പുകള്‍ വീണ്ടും സ്വപ്നങ്ങളുടെ കഥനത്തിന് സാക്ഷിയായി.  ഈ കോഴിക്കിനിയെങ്കിലും മുല വരുമോ എന്ന് പുരികങ്ങളുയര്‍ത്തി പ്രിയസുഹൃത്ത് ചോദിക്കാതെ ചോദിച്ചു കൊണ്ടേയിരുന്നു,,, കഴിഞ്ഞ രണ്ട് കൊല്ലങ്ങളായി ഇതൊക്കെ കേട്ടു കേട്ട് ബോറടിച്ചു തുടങ്ങിയ ചെവി വീണ്ടും കഴുകി, ബ്ലോക്ക്ബസ്റ്റര്‍ സിനിമ വീണ്ടും വീണ്ടും കണ്ട് ബോറഡിക്കുന്ന ഒരു സാദാ മലയാളിയെപ്പോലെ പാവം അപ്പോഴും അവിടുത്തെ ബില്ലിനെ നമസ്കരിച്ചു കൊണ്ടേയിരുന്നു, കോഴിയുടെ മുല ചുരത്തും എന്ന ആത്മവിശ്വാസത്തില്‍ തന്നെ......   റാംജീറാവ് സ്പീക്കിങ്ങിലെ ഓരോ ഡയലോഗും മലയാളിക്ക് കാണാപ്പാടാമയത് പോലെ കാശ്മീരിലെ ഓരോ വഴിയും അവള്‍ക്ക് ഇപ്പോള്‍ കാണാപ്പാടമായിക്കഴിഞ്ഞിരുന്നു.....  അവളുടെ പേഴ്സ് ഒരു ചെറു പുഞ്ചിരിയോടെ ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു എന്നത് പറയാതിരിക്കാനും വയ്യ. പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഒരു കാരണം, അതുണ്ടല്ലോ.....


ഇത്രയൊക്കെ പറഞ്ഞിട്ടും ഈ ലഡാക്ക്, ലഡാക്ക് എന്ന് പറയുന്നതല്ലാതെ അതെപ്പറ്റി കൂടുതലൊന്നും പറഞ്ഞില്ലല്ലോ, അല്ലേ. ചരിത്രം ഒരുപാടുള്ള ഒരു നാട്. കാര്‍ഷികവൃത്തികൊണ്ട് പരമ്പരാഗതമായിത്തന്നെ നിനനിന്നു പോരുന്ന ഒരു നാട്. ചെറിയ വീടുകളും, ഗ്ലാസ്സുകളില്ലാത്ത ചെറു ജനാലകളുള്ള, ചെറിയ കാര്‍ഷികകാലവും കഠിനമായ തണുപ്പുമുള്ള ഒരു ചെറിയ ലോകം... ചരിത്രാതീതകാലം മുതല്‍ ലഡാക്ക് അങ്ങിനെയൊക്കെയായിരുന്നു. ` 1960കളില്‍ ടാറിട്ട വഴികള്‍ വന്നതിന് ശേഷം   ല‍ഡാക്കിന്‍റെ ചിത്രം മാറാന്‍ തുടങ്ങിയിരുന്നു.


ഇന്‍ഡസ് നദീതടത്തിന്‍റെ വടക്കേതീരത്തുള്ള ലഡാക്ക്, ചരിത്രപരമായി തന്നെ ഹിമാലയത്തിലെ യാത്രികര്‍ക്ക് കുരിശടയാളം പോലുള്ള പരമ്പരാഗത പാതയിലെ താല്ക്കാലികകേന്ദ്രമായിരുന്നു. ലഡാക്കിലേക്ക് അറിഞ്ഞോ അറിയാതെയോ നടത്തുന്ന യാത്ര സ്വാഭാവികമായും ഒരു പഴയ ക്രമത്തിന്‍റെ ഭാഗമാക്കി നമ്മെ മാറ്റുകയാണ് ചെയ്യുന്നത്. ഒരു വലിയ സംസ്കാരത്തിന്‍റെ ചരിത്രമുള്ള ഒരിടം.... അവിടേക്കെത്തണമെങ്കിലോ ശ്രീനഗറോ മണാലിയോ കടന്നു ദുര്‍ഘടമായ പാതയിലൂടെ ഒന്നുകില്‍ ദ്രാസ്സ്, കാര്‍ഗില്‍ പിന്നിട്ടോ അല്ലെങ്കില്‍ ദുര്‍ഘടമായ Passകള്‍ പിന്നിട്ടോ വേണം...... പിന്നുള്ള വഴി, വിമാനമാര്‍ഗ്ഗമാണ്...... ഇരുചക്രവാഹനപ്രേമികള്‍ക്ക് ഒരു വെല്ലുവിളിയായിത്തന്നെ ഈ ഭൂവിഭാഗം നിലനില്ക്കുന്നു. ഏത് സമയത്തും മാറാവുന്ന കാലാവസ്ഥ, അതിനനുസരിച്ച് സ്വഭാവം മാറാവുന്ന വഴികള്‍, അതൊക്കെയാണ് അവിടെ കാത്തിരിക്കുന്നത്...... പിന്നെ പട്ടാളത്തിന്‍റെ കനത്ത സാന്നിദ്ധ്യവും.... ഈ ചിന്തകള്‍ മനസ്സിലിട്ട് പെരുക്കി പെരുക്കി സ്വപനത്തിന്‍റെ നിറം കൂട്ടി കൂട്ടിക്കാത്തിരിക്കയാണ്


ചര്‍ച്ചകള്‍ മുന്നോട്ടോടി.....


വെളുപ്പാന്‍കാലത്തെ സ്വപ്നത്തിന്‍റെ അന്ത്യം ക്രമേണ അത്യാവശ്യം ശുഭപര്യവസായി ആയിത്തുടങ്ങി. Where there is a will, there is  way എന്നാണല്ലോ. ആ വഴിക്ക്  വേണ്ടി കാത്തിരുന്നു. കണക്ക് കൂട്ടലുകള്‍ക്ക് ചെറിയ റിസള്‍ട്ട് വന്നു തുടങ്ങി. പണം  അത് പല രൂപത്തിലും തെളിഞ്ഞുവന്നു.... ജി.പി.എഫിന്‍റെ എ.ബി.സി.ഡി സ്റ്റേറ്റ്മെന്‍റ് തിരിച്ചും മറിച്ചും കൂട്ടി നോക്കി ട്രഷറി ഓഫീസറും അതില്‍ പങ്കാളി ആയി......   ജൂലൈ, ജൂലൈ എന്ന് ബൈക്കിലെ ക്ലോക്ക് ഇടക്ക് ഇടക്ക് പറഞ്ഞുകൊണ്ടിരുന്നു.....


എ.ടി.എം സ്ലിപ്പുകള്‍ സ്വപ്നത്തില്‍ മാഞ്ഞതിനു ശേഷമുള്ള   ഒരു വെളുപ്പാന്‍ കാലത്ത് ഒരു സ്വപ്നം. ജൂലൈ മാസത്തില്‍ ലഡാക്കിലെ ഏതോ ഒരു മണല്‍കാട്ടില്‍ ഏകനായി ഞാന്‍ മാത്രം എന്‍റെ ബൈക്കില്‍..... എന്‍റെ സംഘത്തിലുണ്ടാവേണ്ടവര്‍ ആരും എന്നോടൊപ്പമില്ല. കാണാവുന്ന ദൂരത്തെങ്ങും ആരുമില്ല. സ്വപ്നത്തിന്‍റെ കുരുക്ക് അഴിഞ്ഞത് അന്നത്തെ ദിവസത്തെ പണിയും കഴിഞ്ഞ് രവി പോയിക്കഴിഞ്ഞാണ്. എന്‍റെ സ്വപ്നം നടക്കുമെന്ന് ഞാന്‍ കണക്കാക്കുന്ന ജൂലൈയില്‍ എന്‍റെ സഹഗഡികളൊക്കെ നാട്ടിലാണ്. പറയുന്നത് ശ്രദ്ധിച്ച കേള്‍ക്കാന്‍ ചിലപ്പോ പറ്റാതെ വരുന്നതിന്‍റെ കുഴപ്പമാണോ അതോ അത്യാഹ്ലാദം മൂലമാണോ എന്നറിയില്ല, ആഗസ്തില്‍ മാത്രം പോവാന്‍ മറ്റുള്ളവര്‍ നടത്താന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന യാത്രയാണ് ഞാന്‍ ജൂലൈക്ക് കണക്കു കൂട്ടി വെച്ചിരിക്കണത്.സഹഗഡികളുമായുള്ള ഒരു ഫോണ്‍ സംഭാഷണത്തിനിടയിലാണ് മനസ്സിലാകുന്നത് ഞാന്‍ ഇത്തിരി ഫാസ്റ്റ് ആയാണ് ഒരുക്കം കൂട്ടുന്നത് എന്ന്. ഞാന്‍ പോകാനുള്ള ബാഗ്  ഒക്കെ വാങ്ങി ഉടുപ്പും തയ്പ്പിച്ച് ഒന്നാം ക്ലാസ്സില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടിയെ പോലെ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. സൂര്യമാര്‍ക്ക് കുടയിലേക്ക് നോക്കിയിരുന്ന പഴയ അതേ കുട്ടിയുടെ സന്തോഷത്തിലിരുക്കുന്നു. ആരോടും പറയാതെ ജൂണില്‍ തന്നെ ട്രെയിന്‍ ടിക്കറ്റ് കാന്‍സലാക്കി.... വീണ്ടും ആഗസ്തിലേക്ക് ഒന്നങ്ങ് പെടച്ചു....  ആരോടും പറഞ്ഞില്ല, കോഫിഹൗസിലെ ചായക്കപ്പുകളോടും അതിന്‍റെ സ്പോണ്‍സറോടുമൊഴിച്ച്.......


പഴയ ഒരു സംഭവമുണ്ട്. പ്രീ ഡിഗ്രി അഡ്മിഷന്‍ ഇന്‍റര്‍വ്യൂവിനെന്നും പറഞ്ഞ് ഇറങ്ങിത്തിരിച്ച് പാതിവഴിയെത്തിയപ്പോ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ മറന്നുപോയെന്ന സത്യം മനസ്സിലാക്കി  മേല്‍ വരികളില്‍ പേരെടുത്ത പറഞ്ഞ എന്‍റെ പേരിന്‍റെ രണ്ടാം ഭാഗക്കാരനില്‍ നിന്ന് കവിളത്ത് നക്ഷത്രം എഴുതിച്ച ഒരു പഴയ സംഭവകഥയുണ്ട്. മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയി എന്നതാണല്ലോ, പറച്ചില്‍....   അതന്നെ.... സ്വപ്നങ്ങള്‍ കഴുകിവെളുപ്പിച്ച് അയയില്‍ ഇട്ടിരിക്കുന്ന മെഗ്രാസ്വപ്നകാരന്‍റെ കയ്യില്‍ ചില വാലിഡ് ഡോക്യുമെന്‍റ്സ് ഇല്ല.... ഒരു ബസ്സില്‍ അങ്ങോട്ട് ഫോട്ടോയും പണവും കൊടുത്ത് വിട്ടാല്‍ തിരിച്ചുള്ള ബസില്‍ വണ്ടി ഓടിക്കാനുള്ള തിരിട്ട് താമ്രപത്രം തിരിച്ച് കൊടുത്തു വിടുന്ന പഴയ ലൈസന്‍സ് പത്രമാണ് കയ്യിലുള്ളത്. സാധനം പാമോയില്‍ പോലെ ആണ്.  പിഴ അടക്കാതെ  കാക്കിക്കാരില്‍ നിന്ന് രക്ഷപെടാം, അത്രേയുള്ളൂ.... കാലം തെറ്റാതെ പുതുക്കിപ്പോരുന്ന ലേണേഴ്സ് ലൈസന്‍സ് മാത്രമാണ് ഔദ്യോഗികമായുള്ളത്. അസ്ഥിരമായ കാലാവസ്ഥയും പാതകളുമുള്ള ഒരിടത്തേക്ക് പോവുമ്പോള്‍ അതിന് കടലാസിന്‍റെ വില പോലുമില്ല താനും..... ജൂലൈയില്‍ എല്ലാം ശരിയാക്കാം എന്ന വിശ്വാസത്തിലാണ് സ്വപ്നങ്ങള്‍ ടോപ് ഗിയറില്‍ ഓടിയിരുന്നത്. മുന്‍പ് പറഞ്ഞ ടിക്കറ്റ് കാന്‍സലേഷനും ശേഷം, അകാരണമായ അലസത പിന്നെയും ആ ഔദ്യോഗിക പത്ര ലബ്ധിക്ക് വിഘാതം വരുത്തിക്കൊണ്ടേയിരുന്നു....... സര്‍ക്കാര്‍ സേവനത്തില്‍ “അധോലോക”ഗുമസ്തന്‍ ആയിരുന്നത് കൊണ്ട് വഴികള്‍ പിന്നെയും തേടിക്കൊണ്ടിരുന്നു.....


അങ്ങിനെ ജൂണും ജൂലൈയും പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ ഓടി.... ലിസ്റ്റിലുള്ള സാധനങ്ങളൊക്കെ വാങ്ങി വെച്ച്... HIgh Altitude Edemaയെക്കുറിച്ച് ആലോചിച്ച് തള്ളിനീക്കിയ രാത്രികളും മോട്ടോര്‍വാഹനച്ചട്ടങ്ങളെക്കുറിച്ച് കുണ്ഠിതപ്പെടുന്ന പകലുകളും കടന്ന് ആഗസ്ത് മാസം വരവാകാറായി........


ഇപ്പോ ചോദ്യം പോലെ നിക്കണത്, ഡ്രൈവിങ്ങ് ലൈസന്‍സല്ലേ... അത് ഓവര്‍കോണ്‍ഫിഡന്‍സ് പോലെ വീണ്ടും അങ്ങിനെ ജൂലൈയുടെ അവസാനത്തെ ആഴ്ച്ചകളിലും നിന്നു..... എന്തൊക്കെ ആയാലും ഈ വര്‍ഷം ഇത് നടത്തും എന്നതാണ് ഓവര്‍ കോണ്‍ഫിഡന്‍സ്, എങ്ങിനെ എന്നത് ചോദ്യചിഹ്നവും........


എപ്പോഴും കാലാവധി അവസാനക്കാത്ത ലേണേഴ്സ് താമ്രപത്രം കയ്യിലുണ്ട്... നിയമങ്ങളുടെ നൂലാമാലകള്‍ പതുക്കെ അഴിച്ചു തുടങ്ങി. സര്‍ക്കാര്‍ മേഖലയിലെ അച്ചാരം കൊടുത്തോ വാങ്ങിച്ചോ ശീലമില്ലാത്തതിനാല്‍, നേരേ ചൊവ്വേയുള്ള ചട്ടങ്ങളിലും പരിചയങ്ങളിലുമാണ് അന്വേഷണം ഉടക്കി നിന്നത്.....


ഇനിയെല്ലാം ടൈറ്റ് ഫ്രെയിമില്‍ തന്നെ പറയാം....


27-07-2012; 10.30 AM, Location- RTO Office, Kottayam


കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്ലാ ദിവസവും കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന കോട്ടയം കളക്ട്രേറ്റിന്‍റെ പടികളെല്ലാം തണ്ടി വിയര്‍ത്തുകുളിച്ചം ശ്വാസം മുട്ടി വിമ്മിട്ടപ്പെട്ടും Motor Vehicle Inspectors എന്നെഴുതിയ വാതിലിനു മുന്നിലെത്തി നിന്നത് ആശങ്കകളുടെ കുന്നിന്‍റെ മേലെയെന്ന പോലെയാണ്.... പരിചയം ഭാവിക്കുന്ന ആരെയെങ്കിലും പരതി...


നിയമപരമായി വണ്ടി ഓടിച്ചു കാണിച്ച് ലൈസന്‍സ് നേടണമെങ്കില്‍ ഇനി ഒരു ക്ലാസ്സ് കൂടി കൂടണം പോലും... എല്ലായിടത്തും ക്ലാസ്സ് ഒരു ട്രെന്‍റ് ആണല്ലോ. കല്ല്യാണം കഴിക്കാന്‍ പോലും പ്രത്യേകം ക്ലാസ്സ് കൂടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമല്ലോ... അത് പോലെ തന്നെ..... കൈവിരലില്‍ എണ്ണി നോക്കി  28,29, 30,31,1,2,3 അതിനടുത്ത ദിവസം, അതായത് ആഗസ്ത് നാലിനാണ് ട്രെയിന്‍ ടിക്കറ്റ്.... സംഭവം കുറച്ചുകൂടി കോംപ്ലിക്കേറ്റഡ് ആവുന്നത് ശനിയാഴ്ച്ച മാത്രമേ ആ ക്ലാസ്സുള്ളൂ എന്ന് ഇന്‍സ്പെക്ടര്‍ പറയുമ്പോളാണ്. അതായത് നാളെ  (28-07-2012)  എന്ന ശനിയാഴ്ച്ച മാത്രമേ ക്ലാസ്സിനായി മുന്നിലുള്ളൂ.... അന്നത്തേക്കാവട്ടെ ക്ലാസ്സിനു സീറ്റു ഫുളളും... അപ്പോ മനസ്സിലായി നാലാം തിയതിയിലെ ട്രെയിനിലെ ഒരു സീറ്റ് ഒഴിവാകാന്‍ പോകുന്നു എന്ന്.....


സലാം പറഞ്ഞ്, സ്വന്തം ആപ്പീസിലേക്ക്...... മനസ്സിലെന്തായിരുന്നു എന്നാരും ചോദിക്കില്ലല്ലോ.... മടിയന്‍ മല ചുമക്കും എന്നോ തിന്നാന്‍ നേരത്ത്  പാത്രം അന്വേഷിക്കലെന്നോ എന്തും പറയാം.....


28-07-2012; 08.00 AM,Home


ഈ കുറിപ്പിന്‍റെ തുടക്കത്തില്‍ പറഞ്ഞ അതേ പോലെ കടുംകാപ്പിയുടെ അടിത്തട്ടിലേക്ക് ഊളിയിട്ടിരുന്നപ്പോളാണ്, അവസാനവട്ടം ഒന്നൂടെ ശ്രമിച്ചു നോക്കിയാലോ എന്ന് മനസ്സില്‍ തോന്നുന്നത്. ഒരു കാരണവശാലും വളയാന്‍ സാദ്ധ്യത ഇല്ലാത്ത ഒരു സംവിധാനത്തെ ഏതെങ്കിലും രീതിയില്‍ വരുതിയാലാക്കാം എന്ന അമിതവിശ്വാസമായിരുന്നില്ല, ഏതോ ഒരദൃശ്യപ്രേരണ എന്നെ കൊണ്ടു ചെന്നെത്തിച്ചത് റോഡ് സുരക്ഷാ ക്ലാസ്സ് നടക്കുന്ന സ്കൂളിന്‍റെ മുന്നില്‍.... ക്ലാസ്സ് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.  ഒരു ക്ലാസ്സേയുള്ളൂ ഒരു ദിവസം. അതും കൃത്യം ഇരുന്നൂറ് പേര്‍ക്ക്. അപ്പോ നമ്മളു ലേറ്റ് ആയിരിക്കുന്നു, ആ സാദ്ധ്യതയും അടഞ്ഞിരിക്കുന്നു...... സ്വപ്നങ്ങളെല്ലാം മടക്കി സഞ്ചിയിലാക്കി.....മനസ്സിന്‍റെ കനം ആവിയാക്കി കളയാന്‍ ഒരു സ്ട്രോങ്ങ് ചായക്ക് പറഞ്ഞ് സ്കൂളിന്‍റെ മുന്‍പിലുള്ള ചായക്കടയുടെ തിണ്ണയിലിരുപ്പായി..... അടുത്ത മേശയില്‍ നിന്നുള്ള സംസാരം ചെവിയിലേക്കൊഴുകിയെത്തുന്നത് തടയാന്‍ ശ്രമിച്ചിട്ടും അത് തലച്ചോറിലേക്ക് ആവാഹിക്കപ്പെട്ടു..... എല്ലാ വാതിലുകളും അടഞ്ഞിട്ടില്ല എന്ന് തോന്നുവാനും മാത്രം പോന്ന ഒരു വാര്‍ത്ത.... ആര്‍.ടി.ഓ ആപ്പീസിലെ ഒരു ശിപായിക്ക് അബദ്ധം പിണഞ്ഞിരിക്കുന്നു. ഈ ക്ലാസ്സിനുള്ള ഡേറ്റ് സീല്‍ ചെയ്തു കൊടുത്തു കൊണ്ടിരിക്കവേ ആശാന് മറവി പിണഞ്ഞു പോയി. നിര്‍ദ്ദിഷ്ട എണ്ണമായ ഇരുന്നൂറിനും മേലേയാളുകള്‍ക്ക് ഇന്നേ ദിവസം ക്ലാസ്സിനുള്ള ഡേറ്റ് നല്കപ്പെട്ടിരിക്കുന്നു. അതായത് ഇന്ന് ക്ലാസ്സ് അറ്റന്‍റ് ചെയ്യാന്‍ ക്ലെയിമുള്ള കുറേപ്പേര്‍ ഇപ്പോഴും പുറത്തു നില്ക്കുന്നുണ്ട്.....  ഇത്തരം സാഹചര്യങ്ങളില് ഔദ്യോഗികസ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് പ്രശ്നം പരിഹരിക്കാന്‍ ഏതറ്റം വരെയും സഹകരിച്ചേ മതിയകൂ.... അധികം താമസിയാതെ അറിയിപ്പ് വന്നു. “ഇന്നത്തേക്ക് ക്ലാസ്സ് തിയതി ലഭിച്ചവര്‍ കാത്തിരിക്കുക.   ചില അറേഞ്ച്മെന്‍റ്സ്  നോക്കിക്കൊണ്ടിരിക്കയാണ്” ..... ഇതറിയിച്ചത് തലേ ദിവസം ഞാന്‍ സംസാരിച്ച അതേ ഇന്‍സ്പെക്ടര്‍. എവിടെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ സ്വാഭാവികമായ ഒരു മെയ് വഴക്കം പണ്ടേ ശീലിച്ചിരുന്നത് കൊണ്ട് രക്ഷപെട്ടു. “നില്ക്ക് . ആളു തികയാന്‍ സാദ്ധ്യത ഇല്ല. അങ്ങനാണേല്‍ കേറിക്കോ എന്ന” തന്നെയാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ എന്നെ നുള്ളിയും കടിച്ചും നോക്കി..... എല്ലാ റിയല്‍ തന്നെ... അങ്ങിനെ അന്നുച്ച കഴിഞ്ഞ് നടന്ന അഡീഷണല്‍ ക്ലാസ്സില്‍ ഞാനും ഒരു വിദ്യാര്‍ത്ഥിയായി.....ഒപ്റ്റിമിസം അത്ര ചെറുതല്ല എന്ന് തിരിച്ചറിഞ്ഞ ഒരു ദിനം കൂടി കടന്നു പോയി...


30-07-2012; 11.00 AM, RTO Office, Kottayam


ഈ കുറിപ്പിനെ സംബന്ധിച്ചിടത്തോളം പ്രധാനവും പക്ഷേ ഹൃസ്വവുമായ ഒരു ദിനം... നേരേ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ മുറിയിലേക്ക്. നന്നായി പരിചയമുള്ള ഒരു ഇന്‍സ്പെകടറോട് കാര്യം പറഞ്ഞു. മുടിയില്ലാത്ത തലയില്‍ ചൊറിഞ്ഞ് (പൊതുവേ തലയില്‍  മുടി ഇല്ലാത്തവരുടെ ഒരു പൊതുവായ വീക്ക്നെസ്സ് ഇതാണല്ലോ) ആകെ തിരക്കാണല്ലോ, നിങ്ങളെ ഉപേക്ഷിക്കാനും വയ്യല്ലോ എന്ന ആശങ്ക പ്രകടിപ്പിച്ചു. പക്ഷേ രണ്ടു മിനിട്ട് കൊണ്ട് തീരുമാനം അനുകൂലമായി..ആഗസ്ത് മാസം മൂന്നാം തിയതി ഗ്രൗണ്ട് ടെസ്റ്റിന് ഹാജരായിക്കൊള്ളൂ എന്ന് അനുവാദമായി.


03-08-2012, 07.00 AM, Driving Test Ground


കഴിഞ്ഞ രണ്ടു ദിവസമായി സ്വപ്നത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന അതേ  രൂപമൊക്കെത്തന്നെ ആയിരുന്നു ആ ഗ്രൗണ്ടിന്. സ്വപ്നം കണ്ടത് മറ്റൊന്നുമല്ല, എട്ടിന്‍റെ നടുക്കുള്ള ആ കമ്പിയുണ്ടല്ലോ, അത് മറിച്ചു കൊണ്ട് കട്ടിലില്‍ നിന്ന് താഴേക്ക് പതിക്കുന്ന അതേ സ്വപ്നം. അലാറം പോലും വെക്കാതെയാണ് ഇന്ന് രാവിലെ ഉണര്‍ന്നത്.... ഭയം കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. മലയും കാടും മുറിച്ചുകടന്ന് യാത്ര ചെയ്തിട്ടുള്ള ഞാന്‍ ഇത് വരെയുള്ള എല്ലാ അനുഭവങ്ങളും അനുഭവത്തിന്‍റെ താലത്തിലെടുത്ത് വെക്കാന്‍ പോകയാണ്.....  അഞ്ചാമന്‍ ആയി പരീക്ഷ തുടങ്ങി..... വെളുപ്പാന്‍ കാലത്ത് കണ്ട സ്വപ്നം ഫലിച്ചില്ല....... ടെസ്റ്റ് പാസ്സ്..... :-D


പരീക്ഷ പാസായി... പക്ഷേ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടണമല്ലോ. വൈകുന്നേരം നാലു മണിക്ക് നേരിട്ട് സാധനം കൈപ്പറ്റി.....


ഇനി ഒരു ടഫ് ടൈമാണ്.... നാളെ രാവിലെ പത്ത് മണിക്കാണ് ട്രെയിന്‍.. കണ്‍ഫര്‍മേഷന്‍ ആയി.....


ഇനിയുള്ള കടമ്പകള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍....അറുപത് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തണം.... പാക്കപ്പാകണം... രാവിലെ നൂറ്റി ഇരുപത് കിലോമീറ്റര്‍ അകലെയുള്ള കൊച്ചിയിലെത്തണം..... പത്ത് മുണിക്ക് മുന്‍പ് എന്‍റെ ബൈക്ക് പാഴ്സലാക്കി ഞാന്‍ പോകുവാന്‍ ഉദ്ദേശിക്കുന്ന ട്രെയിനില്‍ കയറ്റണം..... പിന്നെ ഞാനും ആ ട്രെയിനില്‍ കയറണം.......


ഒറ്റ പാരഗ്രാഫില്‍ എഴുതിത്തീര്‍ന്ന ഇത്രയും കാര്യങ്ങള്‍ എത്ര സൂക്ഷ്മമായി കൈകാര്യം ചെയ്തിട്ടുള്ള നമ്മുടെ വഴിക്കല്ല ഓടിയത് തന്നെ......


(തുടരണമെന്നുണ്ട്)


* The image used in this post is owned by Sreejith Krishnan(www.sreejith.net) and copywrited by himself. Reproduction in any form without the consent of the person will be illegal

12 comments:

  1. Cheta...superb...!!! Subscribed..!!!

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു...തുടരൂ...

    ReplyDelete
  3. വളരെ നന്നായി ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  4. എനിക്ക് കാര്യമായ സാഹിത്യ പരിജാനം ഒന്നും ഇല്ല, എങ്കിലും ഇതു ഒരു നല്ല സൃഷ്ടി ആയിട്ടു തോന്നുന്നുണ്ട് , വിമർശിക്കാൻ എനിക്ക് ഒരുപാടു തവണ വായിക്കേണ്ടി വരും , എന്തായാലും എന്റെ ആശംസകൾ , ഇനിയും ഇതുപോലെ അയച്ചു തരിക വായിക്കുവാനും , അഭിപ്രായം രേഖപെടുതുവാനും തീര്ച്ചയായും സമയം കണ്ടെത്തും

    ReplyDelete
  5. Nice one Praveen... continue

    ReplyDelete
  6. വായിച്ചതിനു പിന്തുണക്കും ഒരു പാട് നന്ദി

    ReplyDelete